കളമശേരി: മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററി(സിസിആർസി)ന്റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ശിലാഫലകം സ്ഥാപിക്കലും 20ന് നടക്കും. സിസിആർസിയുടെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. ശിലാഫലകവും തയാറാക്കുന്നുണ്ട്.
2014 ഓഗസ്റ്റ് 18ൽ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതി വിഭാവനം ചെയ്ത് ആദ്യതറക്കല്ലിടുന്നത്. ആഘോഷപൂർവം നടന്ന ചടങ്ങിനു ശേഷം ആറു മാസത്തിനകം ആ ശിലാഫലകം തന്നെ കാണാതായി. പദ്ധതിയും മരവിച്ചു.
450 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതി ആരംഭിക്കാൻ തുക എവിടെനിന്ന് കണ്ടെത്തുമെന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. അതിനിടെ പദ്ധതി ഘട്ടംഘട്ടമായി ആരംഭിക്കണമെന്ന വാദവും ശക്തമായി. തുടർന്ന് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഒപി വിഭാഗം ആരംഭിക്കാൻ മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാകാതെ കിടന്നിരുന്ന നാലുനില കെട്ടിടം തെരഞ്ഞെടുത്തു.
അങ്ങനെ തറക്കല്ല് ഒരിടത്തും പ്രവർത്തനം മറ്റൊരിടത്തുമായി സിസിആർസി ആരംഭം കുറിച്ചു. ആർസിസിയെ മാതൃകയാക്കി സിസിആർസി (കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ) എന്ന പേരിൽ മുഖ്യമന്ത്രി ചെയർമാനായി സൊസൈറ്റിയും രൂപീകരിച്ചു. 2017 നവംബറിൽ ഉദ്ഘാടനം നടന്നപ്പോൾ പുതിയ ശിലാഫലകമാണ് കെട്ടിടത്തിൽ സ്ഥാപിച്ചത്. ഒപി വിഭാഗമായി മാത്രം ആരംഭിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. അതോടെ ആദ്യ തറക്കല്ല് വിസ്മൃതിയിലായി.
ഒന്നര വർഷം കഴിഞ്ഞ് വികസന പദ്ധതികൾ ആരംഭിച്ചപ്പോൾ ആദ്യം തയാറായ പദ്ധതിയും നിർമാണ ഏജൻസിയും മാറി. ഹോസ്പിറ്റൽ സർവീസ് കണ്സൾട്ടിംഗ് എന്ന ഏജൻസിക്ക് പകരം പണം നൽകാൻ കിഫ്ബിയും നിർമാണം നടത്താൻ ഇൻകെലുമാണ് രംഗത്ത്. പദ്ധതി തുക 450 കോടിയിൽ നിന്ന് 379 കോടി രൂപയായും ചുരുങ്ങിയിട്ടുണ്ട്.