മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മിന്നലേറ്റ് കേടായ റേഡിയേഷൻ യന്ത്രം നന്നാക്കാനായില്ല. വ്യാഴാഴ്ച രാത്രിയാണ് ഇടിവെട്ടേറ്റ് റേഡിയേഷൻ യന്ത്രം കേടായത്. ഇതോടെ കാൻസർ രോഗികൾക്ക് ദുരിതത്തിലായി.
നാലുദിവസമായി റേഡിയേഷൻ നടക്കാത്തതുമൂലം മെഡിക്കൽ കോളജിലെത്തുന്ന കാൻസർ രോഗികൾ ബുദ്ധിമു്ട്ടിലായിരിക്കുകയാണ്. തകരാർ പരിഹരിക്കാൻ ഇന്ന് എൻജിനീയർമാർ വന്ന് പരിശോധിക്കും. യുപിഎസ് കത്തിപോയെന്നാണ് പ്രാഥമിക നിഗമനം. യന്ത്രത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങൾ മാറ്റേണ്ടി വന്നാൽ റേഡിയേഷൻ യന്ത്രം നന്നാക്കൽ വൈകാനും രോഗികൾക്ക് ബുദ്ധിമുട്ട് കൂടാനും സാധ്യതയുണ്ട്.
ഒരു കോടിയോളം രൂപ ചെലവിട്ട് അടുത്തിടെയാണ് റേഡിയേഷൻ യന്ത്രം അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കിയത്. കാലപ്പഴക്കമുള്ള യന്ത്രം മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അതിപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. കേടുവന്ന യന്ത്രം എന്നു നന്നാക്കുമെന്നും എന്നുമുതൽ റേഡിയേഷൻ പുനരാരംഭിക്കാമെന്നും അറിയാതെ കാൻസർ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്.
ഒരു രോഗിക്ക് തുടർച്ചയായി ഒന്നുമുതൽ 20 റേഡിയേഷൻ വരെ ചെയ്യേണ്ടതുണ്ട്. തുടങ്ങിവച്ച റേഡിയേഷൻ ചികിത്സ ഇടയ്ക്ക് മുടങ്ങുന്പോൾ രോഗികളുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസേന 60 റേഡിയേഷനുകൾ നടക്കുന്നുണ്ട്. നേരത്തെ 150 പേരെയാണ് ദിവസവും റേഡിയേഷൻ നടത്തിക്കൊണ്ടിരുന്നത്.
യന്ത്രത്തിന്റെ കാലപ്പഴക്കവും ഇടക്കിടെയുണ്ടാകുന്ന തകരാറും മൂലം ഇത് 60 ആക്കി വെട്ടിച്ചുരുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ റേഡിയേഷൻ വിധേയമാകാനെത്തുന്ന രോഗികൾ ഇവിടെ റേഡിയേഷൻ നടത്താൻ കഴിയാതെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ കാൻസർ സെന്ററുകളേയും സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്.
റേഡിയേഷൻ ചികിത്സക്കായി മറ്റിടങ്ങളിലേക്ക് പോകേണ്ടി വരുന്പോൾ സാന്പത്തിക നഷ്ടവും യാത്രാക്ലേശവും മൂലം കാൻസർ രോഗികൾ വലയുകയാണ്. മറ്റിടങ്ങളിലേക്ക് പോകാൻ സാധിക്കാത്തവർ തൃശൂർ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജുകളിൽ മുറിയെടുത്ത് റേഡിയേഷന്റെ ഉൗഴം കാത്തിരിക്കുകയാണ്.