തൃശൂർ: കോംഗോ പനിലക്ഷണങ്ങളോടെ തൃശൂരിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിക്കു രോഗമില്ലെന്നു സ്ഥിരീകരിച്ചു. മണിപ്പാലിലും പൂനെയിലുമുള്ള ലാബു കളി ൽ രക്തസാന്പിൾ പരിശോധിച്ചതിന്റെ ഫലം ഇന്നലെ വൈകീട്ട് ലഭിച്ചതോടെയാണ് കോംഗോ പനി അല്ലെന്നു സ്ഥിരീകരിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ഇന്നു രാവിലെ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയശേഷം രോഗിക്ക് ആശുപത്രി വിടാനാകും. കോംഗോ പനി സംബന്ധിച്ച ആശങ്ക പൂർണമായും ഒഴിവായതായും ഡിഎംഒ ഡോ. കെ.ജെ. റീന പറഞ്ഞു.
തിങ്കളാഴ്ചയാണ് രോഗിയുടെ രക്തസാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. ആദ്യഫലം നെഗറ്റീവ് ആണെങ്കിൽ സ്ഥിരീകരണത്തിനായി മറ്റു പരിശോധകളും നടത്തി ഫലം പുറത്തുവരാൻ സാധാരണ വൈകാറുണ്ട്.
അതുകൊണ്ടാണ് ഫലം ലഭിക്കാൻ വൈകിയതെന്നും ഡിഎംഒ പറഞ്ഞു.
യുഎഇയിൽ അറവുശാലയിൽ ജോലിചെയ്തിരുന്ന മലപ്പുറം സ്വദേശിയാണ് തൃശൂരിൽ ചികിത്സയിലുള്ളത്. ദുബായിൽനിന്നെത്തിയ ഇയാളെ മൂത്രാശയ അണുബാധ കണ്ടാണ് ചികിത്സയ്ക്കു വിധേയനാക്കിയത്.