ചുങ്കപ്പാറ: കഴിഞ്ഞദിവസം കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് ഭാഗത്ത് ആളുകളെ ആക്രമിച്ച കുറുനരിക്ക് പേവിഷ ബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ആളുകളെ കടിച്ചശേഷം അവശനിലയില്‍ കുടുങ്ങിയ കുറുനരി പിന്നീട് ചത്തിരുന്നു. ഇതിന്റെ ജഡം തിരുവനന്തപുരം പാലോട് ആനിമല്‍ ഡിസീസ് സെന്ററില്‍ പരിശോധിച്ചപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലയുമായി ഏഴുപേരെയാണ് കുറുനരി കടിച്ചത്.
ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നല്‍കിയിരുന്നു. കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ഇവരെ നിരീക്ഷിക്കുന്നതിന് ആരോഗ്യവകുപ്പ് ആശാ പ്രവര്‍ത്തകരുടെ സ്ക്വാഡ് രൂപീകരിച്ചു. കുറുനരിയുടെ സ്രവം സ്പര്ശിക്കാനിടയായ എല്ലാവരും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.