കുമളി: കാടിനകത്ത് പ്രത്യേകമായി തയാറാക്കിയ കൂട്ടിൽ വനപാലകരുടെ സംരക്ഷണയിൽ വളരുന്ന ഒരു കടുവക്കുട്ടിയുണ്ട് പെരിയാർ കടുവ സങ്കേതത്തിൽ.
പെറ്റമ്മ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പെണ്കടുവക്കുട്ടിക്കാണ് വനപാലകർ പോറ്റമ്മ ആയിരിക്കുന്നത്.
കഴിഞ്ഞ നവംബർ 21-നാണ് കടുവാസങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിനു സമീപം ഒറ്റപ്പെട്ടനിലയിൽ രണ്ടുമാസം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്.
കുഞ്ഞിനൊപ്പം അമ്മക്കടുവയുടെ വരവുകാത്ത് വനപാലകർ ദിവസങ്ങളോളം തള്ളിനീക്കിയെങ്കിലും ഫലമുണ്ടായില്ല.
കടുവക്കുഞ്ഞ് അവശനിലയിലായതോടെ കാട്ടിനുള്ളിലെ കരടിക്കവല ഭാഗത്ത് വേലികെട്ടിത്തിരിച്ച് നിർമിച്ച പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മനുഷ്യരുമായി അധികം ഇടപഴകാതെതന്നെ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. രണ്ടു വനപാലകരും ഡോക്ടറുമാണ് കടുവയുടെ പരിചരണത്തിനായി ഉള്ളത്.
പിൻകാലുകൾക്കുണ്ടായ ബലക്കുറവും ഇക്കാലയളവിൽ ചികിത്സിച്ച് ഭേദമാക്കി. ഇപ്പോൾ പ്രായം ഒൻപതുമാസം പിന്നിട്ടതോടെ വനപാലകർ മംഗളയെന്ന് വിളിക്കുന്ന കടുവക്കുട്ടി കാട്ടിലേക്കിറങ്ങാൻ തയാറെടുത്തുതുടങ്ങി.
എങ്കിലും വിശാലമായ കാട്ടിലേക്ക് തുറന്നുവിടാതെ ഇവൾക്കായി പ്രത്യേക കാട് ഒരുക്കുകയാണ് കടുവാസങ്കേതം അധികൃതർ.
കാട്ടിനുള്ളിൽ ഒരേക്കറോളം സ്ഥലം ഇരുന്പുവേലി കെട്ടിത്തിരിച്ചുള്ള കൂടിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
മംഗളയ്ക്ക് പുതിയ കൂടും അന്തരീക്ഷവും പരിചയമാകുന്നതോടെ ഇവിടേക്ക് ചെറിയ ജീവികളെ കയറ്റിവിട്ട് വേട്ടയാടാൻ പരിശീലിപ്പിക്കും. ഇത് വിജയകരമാകുന്നതോടെയാണ് മംഗളയെ കടുവ സങ്കേതത്തിന്റെ വിശാലതയിലേക്ക് തുറന്നുവിടുക.