കഞ്ചാവ് പൊതികള്‍ വിറ്റ ലാഭത്തെ ചൊല്ലിയുള്ള ദേഷ്യത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി അമ്മയുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെല്‍മെറ്റുകൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലെ പ്രതി പിടിയില്‍. കമ്പിപ്പാലം ഭാഗത്താണ് സംഭവം.
തൊടുപുഴ കോലാനിയില്‍ പഞ്ചവടിപ്പാലം ഭാഗത്തുള്ള കുളത്തൂര്‍ വീട്ടില്‍ ലിബിന് ബേബി( 23)യാണ് പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാല്‍വര്‍ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാള്‍ അത് പങ്കുവെയ്ക്കാന്‍ തയാറാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.
തുടര്‍ന്ന് ലാഭം ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവര്‍സംഘം നാലാമനെ കാണാഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടില്‍ ആദര്‍ശ് എന്ന വടിവാള്‍ അച്ചുവിനെ ഒരു വധശ്രമക്കേസില്‍ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബര്‍ 13-ന് നടന്ന സംഭവമായിരുന്നെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
കേസിലെ അവശേഷിക്കുന്ന പ്രതിയെയും അറസ്റ്റ് ചെയ്യുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ വര്‍ഷങ്ങളായി അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഡിവൈ.എസ്.പി. എം.ആര്.മധുബാബു പറഞ്ഞു.