കോഴിക്കോട്: ബംഗളൂരുവിൽ നിന്നു നഗരത്തിലേക്ക് ലഹരിമരുന്നു കടത്തുന്ന രണ്ട് ബസ് ഡ്രൈവർമാരെ നർകോട്ടിക് സെല്ലും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി.സനൽ കുമാർ(45) എന്നിവരാണു പിടിയിലായത്.
പ്രതികളിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിയിലായവർ കോഴിക്കോട്-ബംഗളൂരു ടൂറിസ്റ്റ് ബസിലെ ഡ്രൈവർമാരാണ്. ബംഗളൂരുവിൽനിന്നു ജില്ലയിലെ വിവിധയിടങ്ങളിൽ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണു പ്രതികളെന്നു പോലീസ് പറഞ്ഞു. പിടിയിലായ അനീഷിനെതിരേ കണ്ണൂരിലെ ഇരിട്ടി പോലീസിൽ കഞ്ചാവ് ഉപയോഗിച്ചതിനു കേസുണ്ട്.
ഓടുന്ന ബസിൽ നിന്നു ലഹരിമരുന്നു പൊതി പുറത്തേക്ക് എറിഞ്ഞുകൊടുത്താണു വിൽപ്പന. പ്രതി അനീഷിനെ വാടകയ്ക്ക് താമസിക്കുന്ന ചെറുവറ്റക്കടവു ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനല്‍കുമാറും പിടിയിലായത്.