കോട്ടയം: സിനിമാക്കഥപോലൊരു അധോലോക സംവിധാനം. വീട്ടുമുറ്റത്തും വീടിനുള്ളിലും ശൗര്യംപൂണ്ട കൂറ്റന്‍ നായകള്‍. അകത്തും പുറത്തും സിസിടിവി കാമറകള്‍. വീടിനുള്ളിലെ രഹസ്യ അറകളില്‍ ബാഗ് നിറയെ കഞ്ചാവും മയക്കുമരുന്നും.
കുമാരനല്ലൂര്‍ വലിയാലുംചുവട്ടില് റോബിന് ജോര്‍ജിന്റെ വീട് കാലങ്ങളായി കഞ്ചാവിന്റെ മൊത്ത വിതരണകേന്ദ്രമായിരുന്നു. അന്യസംസ്ഥാന ബന്ധമുള്ള ലഹരി അധോലോകത്തിലെ പ്രധാനിയാണ് റോബിനെന്ന് പോലീസ് പറയുന്നു.
ഒറീസ, ബംഗാള്‍, തെലങ്കാന ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കണ്ണിയുള്ള ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു.
ആര്‍പ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ കുപ്രസിദ്ധരായ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും കിലോ കണക്കിന് കഞ്ചാവ് ഇയാള്‍ വിറ്റിരുന്നു. റോബിനു കീഴില്‍ നിരവധി സബ് ഡീലര്മാരുണ്ടായിരുന്നതായാണ് സൂചന.
റോബിന്റെ കഞ്ചാവുകേന്ദ്രത്തിന്റെ പരിസരങ്ങളില്‍ രാപകല്‍ അയാളുടെ നിരീക്ഷകരും തമ്പടിച്ചിരുന്നു. ഇന്നലെ പിടിയിലായതിനുശേഷവും മിന്നല്‍ ആക്രമണം ലക്ഷ്യമിട്ട് കഞ്ചാവ് അധോലോകം അവിടെ സംഘടിതമായി എത്തിയിരുന്നു.
കോട്ടയം പുല്ലരിക്കുന്ന് കോളനിക്കാരനാണ് റോബിന്. കുമാരനല്ലൂരില്‍ പ്രവാസി മലയാളിയുടെ 40 സെന്റ് സ്ഥലവും വീടും ഇയാള്‍ വാടകയ്ക്കു എടുത്തത് കഞ്ചാവ് കച്ചവടത്തില്‍നിന്ന് ലഭിച്ച പണംകൊണ്ടാണ്.
ഞായറാഴ്ച രാത്രി 10നാണ് ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ. ഷിബിയുടെ നേതൃത്വത്തില്‍ പോലീസ് ഈ കേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയത്.
നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവും മറ്റ് ലഹരി ഉത്പന്നങ്ങളും വില്‍ക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നു പോലീസ് റോബിനെ നിരീക്ഷിച്ചുവരികയായിരുന്നു.
കുമാരനല്ലൂര്‍ സ്വദേശിയായ റിട്ടയേര്‍ഡ് എസ്ഐ തമ്പിയാണ് ഇവിടെ സ്വന്തം നായയെ പരിശീലിപ്പിക്കാനുള്ള താത്പര്യത്തില്‍ എത്തി ദിവസങ്ങള്‍ ഇവിടെ നിരീക്ഷണം നടത്തിയതും ഇവിടെ കഞ്ചാവ് വില്പനയുള്ളതായി ഉറപ്പാക്കുകയും ചെയ്തത്.
ഇവിടെനിന്നും കഴിഞ്ഞ രാത്രിയില്‍ സ്ത്രീയുടെ നിലവിളി കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. നായ്ക്കളെ പേടിച്ച് ആരും ഇവിടെ ഓടിയെത്തിയതുമില്ല.