തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ ഗവണ്‍മെന്റ് നിരോധിച്ചാല്‍ പോലും അത് പല രൂപത്തില്‍ വിപണിയിലെത്തുമെന്നത് യാഥാര്‍ഥ്യം. തലസ്ഥാനത്തെ ചില വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കലര്‍ത്തിയ ലഡുവിന്റെ വില്‍പ്പനയുണ്ടെന്നും നഗര മധ്യത്തിലെ ഒരു പ്രമുഖ സ്‌കൂളില്‍ ഇതു റിപ്പോര്‍ട്ടു ചെയ്‌തെന്നും എക്‌സൈസ് മേധാവി ഋഷിരാജ് സിംഗ്. ഇതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഋഷിരാജ് ആവശ്യപ്പെട്ടു.
കഞ്ചാവ് സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമായിരുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ലഹരിലഡു വില്‍പ്പന പൊടിപൊടിക്കുന്നത്. സംഭവത്തില്‍ എക്‌സൈസ് അസി. കമ്മിഷണര്‍ ഉബൈദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കൂളിനു സമീപത്തെ രണ്ടു സ്ഥാപനങ്ങളും കോളനിയിലെ ചിലരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നാണു ലഹരിലഡുവിനെക്കുറിച്ചു വിവരം ലഭിച്ചത്. ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്നു അവന്‍. പഠിത്തത്തില്‍ ശ്രദ്ധ കുറഞ്ഞതോടെ കുട്ടിയെ വീട്ടുകാര്‍ മനശാസ്ത്രജ്ഞനെ കാണിച്ചു. അവിടെ കൗണ്‍സിലിങ്ങിനിടെയാണു ലഹരിമരുന്നു കലര്‍ത്തിയ ലഡു കഴിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയത്. തുടര്‍ന്ന് എക്‌സൈസ് കുട്ടിയെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂളിനു സമീപത്തെ കടയില്‍ പതിവായി എത്തുന്ന ചില സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. പരിസരത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നു കണ്ടെത്തിയ ലഡു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മറ്റു വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഉബൈദ് മുഹമ്മദ് പറയുന്നു.
കഞ്ചാവും എല്‍എസ്ഡി സ്റ്റാമ്പുകളും നിരന്തരം പിടിക്കപ്പെടുന്നതു കൊണ്ടാണ് ഇപ്പോള്‍ ലഹരി കലര്‍ന്ന മധുരപലഹാരങ്ങളിലേക്കുള്ള ചുവടുമാറ്റം. മധുരം ലഹരിയുടെ വ്യാപ്തിയും കൂട്ടും. ലഡുവിനു പുറമേ കഞ്ചാവ് ചേര്‍ത്ത കോലുമിഠായിയും പലയിടത്തും സുലഭമാണ്. നഗരത്തിലെ എല്ലാ സ്‌കൂള്‍ പരിസരങ്ങളും ഒരാഴ്ച്ചയായി എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. രണ്ട് ഉദ്യോഗസ്ഥരെ വീതം ഇതിനായി നിയോഗിച്ചിട്ടുണ്ട്. കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ നാടകം ഉള്‍പ്പെടെ പരിപാടികളും ആരംഭിച്ചു. ലഹരിമരുന്നു പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കുന്നവര്‍ക്കും അര്‍ഹമായ പാരിതോഷികം നല്‍കാനാണു തീരുമാനം.