ക്ഷേത്രപ്പറമ്പില്‍ നിന്നു കണ്ടെത്തിയത് തഴച്ചു വളര്‍ന്ന കഞ്ചാവ് ചെടികള്‍. പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്ത് ചേര്‍ന്നുള്ള ഭാഗത്താണ് ചെടികള്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് കാടുപിടിച്ച സ്ഥലത്തു നിന്നാണ് ഏകദേശം ഒന്‍പത് അടിയും അഞ്ച് അടി ഉയരത്തിലുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നിറയെ ശാഖകളോട് കൂടിയ ഒന്നരയാള്‍ പൊക്കത്തിലുള്ള ചെടികള്‍ പൊന്തക്കാടിനുള്ളില്‍ തഴച്ച് വളരുകയായിരുന്നു.
കാടുവെട്ടിത്തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍്ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങള്‍ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പറിച്ചെടുത്ത ചെടികള്‍ പിന്നീട് നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചെടികള്‍ നട്ടുവളര്‍ത്തിയതാണെന്ന് തോന്നുന്നില്ലെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടങ്ങളില്‍ നിന്ന് വളര്‍ന്നതാകാം ചെടികള്‍ എന്നാണ് വിലയിരുത്തല്‍.