കൊച്ചി: വില്പനയ്ക്കെത്തിച്ച 1.600 ഗ്രാം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. ഒറീസ സ്വദേശി അബാ സലാം, കലൂര്‍ കതൃക്കടവ് എ.പി. വര്‍ക്കി കോളനിയില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രാഘവന് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഈയാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗ് സംഘമാണ് ഇവരെ സംശയാസ്പദമായ രീതിയില്‍ കണ്ടത്. പോലീസ് ജീപ്പ് വരുന്നതുകണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ ഓട്ടോറിക്ഷയ്ക്ക് അരുകിലായിരുന്നു. അബാ സലാം ഒറീസയില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഒറീസയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്.
സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ പാര്‍ക്കിംഗിലും മറ്റുമായി കഴിഞ്ഞുവരുകയായിരുന്നു. രാഘവന്റെ ഓട്ടോറിക്ഷയിലായിരുന്നു ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. ഓട്ടോറിക്ഷയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതില്‍ 400 ഗ്രാം വില്പന നടത്തിയിരുന്നു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
അന്വേഷണ സംഘത്തില്‍ എസ്ഐമാരായ ഇന്ദുചൂഡന്, സന്തോഷ്കുമാര്‍, സെല്‍വരാജ്, എസ് സിപിഒ സുമേഷ്, ഡ്രൈവര്‍ സിപിഒ മുഹസീന്‍ എന്നിവരും ഉണ്ടായിരുന്നു.