കാസര്‍ഗോഡ്: പത്താം ക്ലാസിലെ സെന്റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവ് നിരവധി ലഹരിക്കേസുകളിലെ പ്രതിയെന്ന് പോലീസ്. വിദ്യാർഥികളും പ്രതിയും തമ്മിൽ ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങൾ വഴി.
കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ സെന്റ് ഓഫ് പരിപാടിക്ക് വിദ്യാർഥികൾ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, എസ്ഐ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിലെത്തുകയും പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്ന് 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇവരുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി. കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു.
പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിക്കുകയും സിവില്‍ പോലീസ് ഓഫീസര്‍ നീര്ച്ചാല് കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്റെ കൈ തിരിച്ചൊടിക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കിയതിനുമടക്കം കേസെടുത്ത മേല്‍പ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിലാക്കി.