കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വളര്ത്തുനായ്ക്കളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെട്ട കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില് റോബിന് ജോര്ജ് (35) വലയിലായതായി സൂചന.
ഇയാളുടെ ഉടമസ്ഥതയിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ 9 എന്ന നായ പരിശീലനകേന്ദ്രത്തിൽ വൻ തോതിലു ള്ള ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്.
ഇയാൾ ഒളിച്ചുതാമസിക്കുന്ന സ്ഥലം പോലീസ് നിരീക്ഷണത്തിലായെന്നാണ് സൂചന. ജില്ലാ പോലീസ് ചീഫ് കെ. കാര്ത്തികിന്റെ മേല്നോട്ടത്തില് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലനകേന്ദ്രത്തില് നായ്ക്കള്ക്കൊപ്പം വില കൂടിയ മീനുകളെയും വളര്ത്തിയിരുന്നു.
മീനുകളെ കൊണ്ടുപോകുന്നതിനായി രാത്രിയില് എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില് ഒരാള് രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണു പിടികൂടിയിരിക്കുന്നത്.
ആര്പ്പൂക്കര സ്വദേശികളായ ടുട്ടു എന്നു വിളിക്കുന്ന റെണാള്ഡോ (22) ജോര്ജ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്ക്ക് കോട്ടയത്തെ പ്രമുഖ ഗുണ്ടാത്തലവനുമായും കഞ്ചാവ് മാഫിയായുമായും ബന്ധമുണ്ടെന്ന് പോലീസ്.
രക്ഷപ്പെട്ട റോബിനും കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ സംഘത്തിലുള്ളതായണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കുമാരനല്ലൂരിലെ നായ പരിശീലനകേന്ദ്രത്തില് കഞ്ചാവിനൊപ്പം മയക്കുമരുന്നും എംഡിഎയും വില്പ്പന നടത്തിയിരുന്നതായും കാരിയര്മാരായി സ്ത്രീകള് ഉള്പ്പെടെ ഒരു വലിയ സംഘം ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ഇന്നലെ രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിയുന്നത്. കുമാരനല്ലൂര് വലിയ ആലിന് ചുവട്ടിലുള്ള റോബിന് ജോര്ജിന്റെ നായ പരിശീലന കേന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാടുകള്.
ഇവിടെ ബാഗുകളില് സൂക്ഷിച്ചിരുന്ന 17.8 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. കാക്കി നിറത്തിലുള്ള തുണി കണ്ടാല് അതു കടിച്ചുകീറാനുള്ള പരിശീലനം നായ്ക്കള്ക്ക് റോബിന് നല്കിയിരുന്നു.
കാക്കി യൂണിഫോമില് പോലീസ് റെയ്ഡിനെത്തിയാല് ആക്രമിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്.ഞായറാഴ്ച രാത്രി 10ന് ഇടപാടുകാരനെന്ന വ്യാജേന സ്ഥാപനത്തിന്റെ മതിലിനു സമീപത്തേക്കു വിളിച്ച് സംസാരിക്കുന്നതിനിടെ അപകടം മണത്ത റോബിന് എതിരാളികളെ കൊലപ്പെടുത്താന് ശേഷിയുള്ള അമേരിക്കന് ബുള്ളി ഇനം നായ്ക്കളെ അഴിച്ചുവിട്ടശേഷം മതില് ചാടി പിന്നിലെ വയലിലൂടെ ഇരുളില് മറഞ്ഞു.
ഇടപാടുകാരനെന്ന് സംശയിക്കുന്നയാളും രക്ഷപ്പെട്ടു. മതിലിനുള്ളിലേക്കു കയറിയ പോലീസിനുനേരെ നായ്ക്കള് കുരച്ചെത്തി.
ഉദ്യോഗസ്ഥര് വേഗം പുറത്തെത്തി ഗേറ്റ് അടച്ചു. പിന്നീട് പോലീസ് ഡോഗ് സ്ക്വാഡ് എത്തി നായ്ക്കളെ അനുനയിപ്പിച്ചു പൂട്ടിയശേഷമാണു വീടിനുള്ളില് പരിശോധന നടത്തിയത്.
കിടപ്പുമുറിയിലെ കട്ടിലില് രണ്ട് ബാഗിനുള്ളിലായിരുന്നു കഞ്ചാവ്. ആക്രമകാരികളായ അമേരിക്കന് ബുള്ളി, റോട്ട് വീലര് തുടങ്ങി 13 നായ്ക്കളുണ്ടായിരുന്നു.
ഡോഗ് ഹോസ്റ്റല് നടത്തിപ്പിനായി ഒന്നര വര്ഷം മുന്പാണ് റോബിന് വീടും പറമ്പും ചെങ്ങന്നൂര് സ്വദേശിനിയില്നിന്നു വാടകയ്ക്കെടുത്തത്. ഗര്ഭിണിയായ ഭാര്യയ്ക്കൊപ്പമായിരുന്നു റോബിന്റെ താമസം.
ഭാര്യ സ്ഥലത്തില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം സമീപവാസിയായ ഡോക്ടറെയും കുട്ടിയെയും നായ ആക്രമിക്കാന് ശ്രമിച്ചത് ചോദിച്ചപ്പോള് ധിക്കാരപരമായ പ്രതികരണമാണ് റോബിനില് നിന്നുണ്ടായത്.
ബൈക്കുകളില് നിരവധി പേര് ഇവിടെ വന്നുപോകുന്നതായി നഗരസഭയ്ക്ക് റെസിഡന്റ്സ് അസോസിയേഷന് പരാതി നല്കിയിരുന്നു.