പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന. പരിശോധനകളുമായി പോലീസ്. കേരളത്തില്‍ ജോലിക്കായി വരുന്ന ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിപണനം നടത്തുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞദിവസം പന്തളത്തു നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഈ സംഘത്തിലെ മുഖ്യകണ്ണിയാണെന്നും പോലീസ് പറഞ്ഞു.
പശ്ചിമ ബംഗാള്‍ ജല്‍പൈഗുരി സ്വദേശി കാശിനാഥ് മൊഹന്താണ് (56 ) മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ലഹരിവസ്തുക്കളുടെ കടത്തിനും വില്പനയ്ക്കുമെതിരെ പോലീസ് പരിശോധന തുടര്‍ന്നുവരുന്നതിനിടെയാണ് ഈ കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന് ഡി ഹണ്ട് എന്നപേരില്‍ പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും, സ്കൂള്‍ പരിസരങ്ങളടക്കമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചും ജില്ലയില്‍ നടന്നുവരികയാണ്.
ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കും വന്‍വിലയ്ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. ഇതര സംസ്ഥാനക്കാരായ ലഹരി ഇടപാട് ഏജന്റുുമാര്ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു.
മറ്റ് പണികള്‍ക്ക് പോകാതെ ലഹരി വില്പന നടത്തിവരുകയായിരുന്ന കാശിനാഥ് ലഹരി സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമിടയില്‍ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഘത്തിലെ കൂട്ടാളികളെയും ഇവര്‍ക്ക് സഹായികളായ പ്രദേശവാസികളെയും കുറിച്ചുമുളള വിവരങ്ങള്‍ പോലീസിന് അന്വേഷിച്ചുവരികയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും പന്തളം എസ്്എച്ച്ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.