മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ചോറിനൊപ്പം നല്ല ചൊല്ലു കൂടി കൊടുത്ത് വേണം വളർത്താൻ എന്ന് പറയാറില്ലേ. നല്ല വാക്കുകൾ കുഞ്ഞു കാതിലേക്ക് ഓതിക്കൊടുത്തെങ്കിലേ വളരുന്പോഴും അവർ നല്ല മനുഷ്യരായി തീരുകയുള്ളു. വീട്ടിൽ കാണുന്ന കാര്യങ്ങളാണ് പുറത്തു പോയി കുട്ടികൾ കാണിക്കുന്നത്. മാതാപിതാക്കൾ ദുർനടപ്പ് നടന്നാൽ കുഞ്ഞുങ്ങളുടെ വളർച്ചയെ അത് സാരമായി ബാധിക്കും.
മിഷിഗണിലെ ബ്രിറ്റ് ഹിബ്ബിറ്റ്സ് എന്ന യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇവർക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. എന്നാൽ ഇവർ ദിവസവും മൂന്ന് തവണ കഞ്ചാവ് ഉപയോഗിക്കും. അതിനാൽ തനിക്ക് ഒരു നല്ല അമ്മയായി മാറാൻ കഴിയുന്നു എന്നാണ് ഹിബ്ബിറ്റ്സ് പറയുന്നത്. അമ്മ കഞ്ചാവ് ഉപയോഗിക്കുന്നത് മകളുടെ മുന്നിൽ വച്ചാണ്. മുതിർന്നവർ കഴിക്കുന്ന മരുന്നാണ് എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹിബ്ബിറ്റ്സ് കഞ്ചാവ് ഉപയോഗിക്കുന്നത്.
2018 നവംബർ മുതലാണ് ഇവർ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങിയത്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആൻസൈറ്റി എന്നിവ ഇല്ലാതാക്കി സമ്മർദങ്ങളില്ലാതെ നന്നായി ഉറങ്ങുന്നതിനു കഞ്ചാവ് സഹായിക്കുന്നു എന്ന് ഹിബ്ബിറ്റ്സ് പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്ന അമ്മമാർക്ക് നല്ല അമ്മമാരാകാൻ സാധിക്കുമെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ഇതിനു ശേഷം സോഷ്യൽ മീഡിയയിൽ യുവതിക്കെതിരേ വലിയ വിമർശനമാണ് ഉയരുന്നത്. മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ വളരുന്നത്. നല്ല ശീലങ്ങൾ കുട്ടി കാണിക്കണമെങ്കിൽ അച്ഛനും അമ്മയും നല്ല സ്വഭാവമുള്ളവരാകണം എന്നാണ് പലരും യുവതിയോട് പറയുന്നത്.