ആലുവ: ട്രെയിനിൽ ട്രോളിബാഗുകളിലായി കൊണ്ടുവന്ന 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയ കേസിൽ വിദേശത്തേക്ക് കടന്ന മുഖ്യപ്രതിയടക്കം നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ ഏഴുപേർ പോലീസിന്റെ പിടിയിലായി.
കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21), ഇയാളുടെ അച്ഛൻ ഗ്രേഡ് എസ്ഐ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റു കണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്ദോൽ പ്രധാൻ (31), ശർമാനന്ദ് പ്രധാൻ (23) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. മൂവരും പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്.
നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും നവീനു വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.
മുഖ്യപ്രതിയായ നവീൻ ഇതിനു മുമ്പും കഞ്ചാവ് കേസിലെ പ്രതിയാണ്.
സംഭവശേഷം വിദേശത്തേക്ക് കടന്ന നവിനെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് അറസ്റ്റു ചെയ്തത്. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും, വിദേശത്തേക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റു ചെയ്തത്.
കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തുകയും, ഒളിത്താവളങ്ങളും, വാഹനവും ഒരുക്കി നൽകിയതിനാണ് ആൻസ്, ബേസിൽ തോമസ് എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു.
റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് തീവണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയിൽ നിന്നും ട്രെയിനിൽ ചെന്നെയിലെത്തി അവിടെ നിന്നും മറ്റൊരു ട്രെയിനിൽ ആലുവയിൽ ഇറങ്ങിയപ്പോഴാണ് പിടിയിലാകുന്നത്.
ഗ്രേഡ് എസ്ഐക്ക് വിനയായത് അമിത പുത്ര വാത്സല്യം
ആലുവ: ഒഡീഷയിൽനിന്നു ട്രെയിനിൽ 28 കിലോ കഞ്ചാവെത്തിച്ച കേസിലെ മുഖ്യപ്രതിയായ മകനെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിലാണ് തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ സാജൻ(56) അറസ്റ്റിലായത്. അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് സാജൻ പിടിയിലാകുന്നത്.
കഞ്ചാവ് പിടികൂടിയതറിഞ്ഞ് മകൻ നവീൻ അബുദാബിയിലേക്ക് കടന്നത് പിതാവ് സാജന്റെ സഹായത്താലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. നവീനെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
പലവട്ടം സമാന കേസുകളിൽ പിടിയിലായിട്ടുള്ള മകനെക്കുറിച്ച് വ്യക്തമായറിവുള്ളയാളാണ് സാജൻ. അതിനാൽ കേസുകളെക്കുറിച്ച് താൻ ബോധവാനല്ലെന്ന സാജന്റെ നിലപാട് അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തില്ല.