പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ ടുൺടുണി മൊണ്ടൽ, മസീദബീബി എന്നീ യുവതികളെ പോലീസ് അറസ്റ്റുചെയ്തു. ഇന്നു പുലർച്ചെയായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസും പാലക്കാട് എക്സൈസ് വിഭാഗവും പരിശോധന നടത്തുന്നതിനിടെ ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എസി കോച്ചിൽ നിന്ന് ഇറങ്ങിയ യുവതികളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് പത്ത് ലക്ഷത്തോളം രൂപ വില വരും. പരിശോധനകളിൽ നിന്ന് ഒഴിവാകാനാണ് കൈക്കുഞ്ഞുങ്ങളുമായി യുവതികൾ യാത്ര ചെയ്തെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സിഐ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.