ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചെലവിലേക്ക് 75 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ വൃക്ക വിൽക്കാൻ അനുവദിക്കണമെന്നും സ്ഥാനാർഥി. സമാജ്വാദി പാർട്ടി മുൻ എംഎൽഎയും മധ്യപ്രദേശിലെ ബലാഘാട്ട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കിഷോർ സമൃതിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരാണാധികാരിയായ ജില്ലാ കളക്ടർ ദീപക് ആര്യക്കു അദ്ദേഹം കത്തയച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനു ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുകയായി തെരഞ്ഞെടുപ്പ് കമ്മീഷൻ 75 ലക്ഷം രൂപയാണ് നശ്ചയിച്ചിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തന്റെ പക്കൽ അത്രയും പണമില്ല. അതിനാൽ 75 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുകയോ, വായ്പ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെടുകയോ വേണമെന്ന് കിഷോർ അഭ്യർഥിച്ചു. എന്നാൽ ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ തന്റെ വൃക്ക വിൽക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ഇനിയും 15 ദിവസങ്ങൾ മാത്രമാണുള്ളത്. ചെറിയ സമയത്തിനുള്ളിൽ ഇത്രയും വലിയ തുക ഉണ്ടാക്കാൻ കഴിയില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പണം ആവശ്യപ്പെട്ടതെന്ന് കിഷോർ എഎൻഐയോട് പറഞ്ഞു.
തനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥികളെല്ലാം അഴിമതിക്കാരാണ്. അവർ പൊതുജനങ്ങളിൽനിന്ന് പണം തട്ടിയെടുത്തു. ഈ മേഖലയുടെ വികസനവും സമൂഹത്തിലെ ദരിദ്രരെ ഉയർത്തിക്കൊണ്ടുവരുന്നതിനും താൻ ആഗ്രഹിക്കുന്നു- കിഷോർ പറഞ്ഞു. ബലാഘാട്ട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്.