വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് കോടതി.
ഭാര്യയ്ക്ക് നല്കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്.
വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ വേര് പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്.
ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്.
വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവനാംശം വേണമെന്ന ഭാര്യയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ അവകാശവാദത്തില്‍ മെയിന്റനന്‍സ് തുക ലഘൂകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.