അന്പലപ്പുഴ: വൃത്തിഹീനമായി പ്രവർത്തിച്ച കാന്റീൻ അടപ്പിക്കാനെത്തിയ ഡോക്ടറെ കാന്റീൻ ഉടമ കൈയേറ്റം ചെയ്തു. പോലീസിന്റെ സഹായത്തോടെ പിന്നീട് കാന്റീൻ അടപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കാന്റീൻ അടപ്പിയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉടമ മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരനെ കൈയേറ്റം ചെയ്തത്.
ഡോക്ടറുടെ പരാതിയെ തുടർന്ന് പിന്നീട് കാന്റീൻ ഉടമക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം അന്പലപ്പുഴ പോലീസ് കേസെടുത്തു. പരാതി ലഭിച്ചതിനെ തുടർന്ന് ഒരാഴ്ച മുന്പു ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തിൽ കാന്റീനിൽ പരിശോധന നടത്തിയിരുന്നു. അടുക്കള ഉൾപ്പടെയുള്ള ഭാഗങ്ങൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതും ഭക്ഷണ സാധനങ്ങളുടെ പുറത്ത് പൂച്ചയിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോട്ടീസ് നൽകി കാന്റീൻ അടപ്പിച്ചിരുന്നു. എന്നാൽ ഒരു ദിവസം അടച്ചതിനുശേഷം കാന്റീൻ പിന്നീട് തുറക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം ആശുപത്രി പരിസരത്തെ ഹോട്ടലുകൾ പരിശോധിക്കുന്നതിനിടെയാണ് കാന്റീൻ തുറന്നു പ്രവർത്തിക്കുന്നതറിഞ്ഞത്. പ്രവർത്തനാനുമതിയില്ലാതെ കാന്റീൻ തുറന്നത് ചോദ്യം ചെയ്ത ഡോ. ഷിബു സുകുമാരൻ കാന്റീൻ അടയ്ക്കാൻ നിർദേശം നൽകി. നേരത്തെ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കാതെയാണ് കാന്റീൻ തുറന്നത്.
എന്നാൽ കാന്റീൻ അടക്കാതെ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു കാന്റീൻ ഉടമ. തുടർന്ന് ഡോക്ടർ നൽകിയ പരാതിയെ തുടർന്ന് അന്പലപ്പുഴ പോലീസ് എത്തി കാന്റീൻ ഉടമയെ അറസ്റ്റു ചെയ്തു. ഇത് മൂന്നാം തവണയാണ് വൃത്തിഹീനമായി പ്രവർത്തിക്കുന്ന കാന്റീൻ അടപ്പിക്കുന്നത്.