പത്തനംതിട്ട: സമുദായത്തിനു വേണ്ടി ഒരു ചുക്കും ചെയ്യാതെ സ്നേഹം നടിച്ചു വരുന്ന തട്ടിപ്പുകാരെയും തരികിടക്കാരെയും തിരിച്ചറിയണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ.
കോന്നി എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിലരെല്ലാം ഇപ്പോൾ സമുദായത്തിലേക്ക് പുത്തനായി വരികയാണ്.
തൊപ്പി പോയപ്പോൾ സമുദായത്തിൽ നവോത്ഥാനത്തിന് ഇറങ്ങിയിട്ടുണ്ട്. തൊപ്പി തലയിലുണ്ടായിരുന്നപ്പോൾ ഇവർ എവിടെയായിരുന്നു. രാജ്യം നന്നാക്കാനോ സമുദായം നന്നാക്കാനോ ഇവരാരെയും കണ്ടില്ല.
ചിലർ സമുദായത്തിൽ അംഗം പോലുമല്ലെന്ന് ഇപ്പോഴാണറിയുന്നത്. വ്യാജ അംഗത്വ നമ്പരിട്ട് യൂണിയൻ പ്രസിഡന്റ് വരെയായവരുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായ അംഗങ്ങൾക്ക് അറിവ് പോര.
തിരിച്ചറിവുളളവരായി മാറണം. ആരാണ് അമ്മ, പെങ്ങൾ, മകൾ എന്നിങ്ങനെ തിരിച്ചറിവിന്റെ പാതയിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ നാം നന്നാവൂവെന്ന് വെളളാപ്പളളി നടേശൻ പറഞ്ഞു. പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കെ.യു. ജനീഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, എസ്എൻഡിപി യോഗം എഡ്യുക്കേഷൻ സെക്രട്ടറി സി.പി.സുദർശനൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, കൗൺസിലർ എബിൻ ആമ്പാടിയിൽ, എംജി സർവകലാശാല സിൻഡിക്കേറ്റംഗം പ്രഫ. വി.എസ്. പ്രീൺ, പ്രിൻസിപ്പൽ പ്രഫ. എം.എൻ.സലിം, എസ്എഎസ് എസ്എൻഡിപി യോഗം കോളജ് പ്രിൻസിപ്പൽ ഡോ. ബിജു പുഷ്പൻ, കിഴക്കുപുറം കോളജ് പിടിഎ വൈസ് പ്രസിഡന്റ് പി.ഡി.സുരേഷ് കുമാർ, കോളജ് യൂണിയൻ ചെയർമാർ ആദർശ് രാജ് എന്നിവർ പ്രസംഗിച്ചു.