തായ്ലന്ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട 12 കുട്ടികളുടെയും പരിശീലകന്റെയും കൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്ഥന ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതമായി പുറത്തെത്തിയതോടെ ആഹ്ലാദ തിരയിളക്കത്തിലാണ് ലോകം.
ഇവരെ പുറത്തെത്തിക്കാന് നേതൃത്വം കൊടുത്ത കമാന്ഡിംഗ് ടീമിലെ ക്യാപ്റ്റന് ജെസീക്ക ടെയ്റ്റിനും ലോകത്തോടു ചിലത് പറയാനുണ്ട്. ഇന്ഡോ-പസഫിക് കമാന്ഡ് വക്താവാണ് ജെസീക്ക.
രക്ഷാപ്രവര്ത്തനത്തിനായി നിയോഗിക്കപ്പെട്ട 35 അംഗ ടീമിലെ ഈ പെണ്മുഖത്തെ ആരാധനയോടെ അതിലുപരി ബഹുമാനത്തോടെയാണ് ഇന്നു ലോകം കാണുന്നത്. ഗുഹയിലകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയിട്ടേ അവിടെ നിന്ന് മടക്കമുള്ളൂ എന്നാണയിട്ട ടീമിനെ പ്രതിനിധീകരിച്ചു കൊണ്ട് ജെസീക്ക മനസു തുറക്കുന്നു.
‘രക്ഷാപ്രവര്ത്തനം വിജയകരമായി പൂര്ത്തിയാക്കാന് സാധിച്ചതില് വളരെയധികം സന്തോഷമുണ്ട്. ഗുഹയിലകപ്പെട്ട കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്താന് കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം.
രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നല്കുന്ന ഗവണ്മെന്റിന്റെ മനോഭാവവും സന്തോഷം നല്കുന്നുണ്ട്. രക്ഷാദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എല്ലാവരും രണ്ടാംഘട്ട രക്ഷാദൗത്യത്തിനിറങ്ങിയത്. രണ്ടാംഘട്ടം കൂടി പൂര്ത്തിയാക്കിയതിനു ശേഷമാണ് ശ്വാസം നേരെ വീണത്. ജെസീക്ക പറയുന്നു.
രക്ഷാദൗത്യത്തിനെത്തിയ വിദഗ്ധരായ ടീം അംഗങ്ങളെക്കുറിച്ചും രക്ഷാപ്രവര്ത്തനത്തിലുണ്ടായ പ്രതിബന്ധങ്ങളെക്കുറിച്ചും ആ പ്രതിബന്ധങ്ങളെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ ജസീക്ക വികാരഭരിതയായി.
ഒറ്റപ്പെട്ട ഗുഹയില് ആഹാരം പോലുമില്ലാതെ 9 ദിവസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ജീവിതത്തെ അസാധ്യം എന്നാണ് ജെസീക്ക വിശേഷിപ്പിച്ചത്. ഇപ്പോള് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികള്ക്കും കോച്ചിനും എത്രയും പെട്ടെന്ന് കുടുംബത്തോടൊപ്പം ചേരാന് കഴിയട്ടെയെന്നാണ് താനിപ്പോള് ആഗ്രഹിക്കുന്നതെന്നും’ ജെസീക്ക പറയുന്നു.
കുട്ടികള്ക്ക് അണുബാധയേല്ക്കാനുള്ള സാധ്യത നിലനില്ക്കുന്നതിനാല് സന്ദര്ശകര്ക്ക് പ്രവേശനം അനുവദിക്കുന്നില്ല. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും കുട്ടികള്ക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം.
ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികള് ഒരാഴ്ചയെങ്കിലും ആശുപത്രിയില് തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനല്.രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകള് എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകള്ക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.