മറക്കാനാവാത്ത അനവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചതിനു ശേഷമാണ് മലയാളികളുടെ പ്രിയ ക്യാപ്റ്റന്‍ വിടവാങ്ങുന്നത്.സൈന്യത്തിലെ ഉയര്‍ന്ന ജോലി രാജി വച്ച ശേഷമായിരുന്നു കലയ്ക്കായി ആ ജീവിതം ഉഴിഞ്ഞു വച്ചത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയരായ നസീറും മധുവുമെല്ലാം അണി നിരന്ന രക്തം എന്ന ജോഷി ചിത്രത്തിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. നസീറും മധുവും ഉമ്മറും തിലകനുമെല്ലാമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ധാരാളം അനുഭവങ്ങളുണ്ടായിരുന്നു.
ഒരിക്കല്‍ സിനിമാ അഭിനയത്തിനിടയില്‍ ഉമ്മറിന്റെ താടിയെല്ല് ക്യാപ്റ്റന്‍ ഇടിച്ചു തകര്‍ത്തു. ഐവി ശശിയുടെ അതിരാത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അത്. കസ്റ്റംസ് ഓഫീസറായ ക്യാപ്റ്റന്‍രാജു കള്ളക്കടത്തുകാരനായ ഉമ്മറിനെ പിടിക്കാന്‍ പോകുന്നതായിരുന്ന രംഗം. ചെന്നൈ അരുണാചലം സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിംഗിനിടയിലെ ഒരു സ്റ്റണ്ടു രംഗത്തിനിടയില്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഇടി ഉമ്മറിന്റെ താടിയെല്ലില്‍ കൊണ്ടു. സംഘട്ടന സംവിധായകന് ത്യാഗരാജന്റെ നിര്‍ദേശ പ്രകാരം അടിക്കുന്നതായുള്ള അഭിനയത്തിനിടയില്‍ ടൈമിംഗ് തെറ്റിപ്പോയതായിരുന്നു. ഉമ്മറിന്റെ കള്ളക്കടത്തു കേന്ദ്രത്തിലേക്ക് ബൈക്കില്‍ പാഞ്ഞെത്തുന്ന ക്യാപ്റ്റന്‍ രാജുവുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലായിരുന്നു രംഗം. ഇടിക്കുന്നത് പോലെ ആംഗ്യം കാട്ടിയ ക്യാപ്റ്റന്റെ കൈ ഒഴിഞ്ഞുമാറും മുമ്പ് ഉമ്മറിന്റെ താടിയെല്ലില്‍ കൊണ്ടു.
ഷൂട്ടിംഗ് സെറ്റിലേക്ക് ക്യാപ്റ്റന്‍ രാജുവിനും കൂടി വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നിരുന്ന ഉമ്മര്‍ ”എന്റെ വീട്ടില്‍ നിന്നുള്ള മീന്മുട്ട ഫ്രൈയ്യൊക്കെ കഴിച്ച് എന്റെ താടിയെല്ലു തന്നെ ഇടിച്ചു തകര്‍ത്തല്ലോടാ” എന്നായിരുന്നു അന്ന് ക്യാപ്റ്റനോട് തമാശയായി പ്രതികരിച്ചത്. ആദ്യ സിനിമയായ രക്തത്തില്‍ നസീറിനും മധുവിനും ഒപ്പമായിരുന്നു അഭിനയം. സിനിമയിലെ പ്രധാന വില്ലനായ ബാലന് കെ നായരുടെ സഹായിയായ ചെറു വില്ലനായി അഭിനയിച്ച ക്യാപ്റ്റനെ മധു ഷവ്വലിന് തല്ലുന്നതായിരുന്നു രംഗം. ക്ളൈമാക്സായിരുന്ന ഈ രംഗം എറണാകുളത്തെ ഒരു ഫാക്ടറിക്കുള്ളില്‍ ആയിരുന്നു. അടി കൊണ്ടു ക്യാപ്റ്റന്‍ വീഴേണ്ടത് പട്ടികകള്‍ക്ക് മുകളിലേക്കാണ്. റിഹേഴ്സലില്‍ തന്നെ നന്നായി അഭിനയിച്ച ക്യാപ്റ്റന്‍ പട്ടികള്‍ക്ക് മുകളിലേക്ക് ആത്മാര്‍ത്ഥമായി തന്നെ ഒന്നും നോക്കാതെ വീണു. റിഹേഴ്സല്‍ ഓകെ.
അടുത്തത് ഷോട്ടാണ്. ഇതുകണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന നസീര്‍ പെട്ടെന്ന് ഷൂട്ടിംഗ് നിര്‍ത്തിച്ച് ക്യാപ്റ്റനെ വിളിച്ച് പട്ടികയിലെ കൂര്‍ത്തിരിക്കുന്ന ആണികള്‍ കാണിച്ചു കൊടുത്തു. പഴയ വീടു പൊളിച്ച പട്ടിക കൂട്ടിയിട്ടിരിക്കുന്നിടത്തേക്കായിരുന്നു ക്യാപ്റ്റന്‍ മറിഞ്ഞത്. ഇതു ശ്രദ്ധിച്ചതോടെയാണ് നസീറിന്റെ ഇടപെടല്‍ വന്നത്. ആവേശമൊക്കെ നല്ലതാണ് പക്ഷേ പരിക്കുപറ്റിയാല്‍ ആര് നോക്കും എന്ന് ചോദിച്ച് വഴക്കുപറഞ്ഞ നസീര്‍ ഒടുവില്‍ പട്ടികയിലെ ആണികളെല്ലാം മാറ്റിയ ശേഷമായിരുന്നു ഈ രംഗം ചിത്രീകരിക്കാന്‍ സമ്മതിച്ചത്. സഹപ്രവര്‍ത്തകരോടുള്ള നസീറിന്റെ ഈ കരുതലിനെ എക്കാലവും ക്യാപ്റ്റന്‍ ഓര്‍ത്തിരുന്നു.
അതുപോലെ തന്നെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അമൂല്യമായ കഥാപാത്രമായ വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരുടെ വേഷത്തിലേക്കു ക്യാപ്റ്റന്‍ രാജു എത്തിയതും ആകസ്മികമായിട്ടായിരുന്നു. എംടിയുടെ ശക്തമായ തൂലികയില്‍ നിന്നും ഹരിഹരന്റെ അസാധാരണമായ സംവിധാനത്തില്‍ ഒരുങ്ങിയ ഒരു വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടരായി ആദ്യം പരിഗണിച്ചത് തിലകനെ ആയിരുന്നുവെങ്കിലും അവസാനം ക്യാപ്റ്റന്‍ നറുക്ക് വീഴുകയായിരുന്നു. അങ്ങനെ മറ്റൊരു നടനെയും അരിങ്ങോടരുടെ വേഷത്തില്‍ സങ്കല്പ്പിക്കാന് പറ്റാത്ത വിധത്തില്‍ തന്റേതായ ശൈലിയില്‍ ക്യാപ്റ്റന്‍ രാജു ആ കഥാപാത്രം അവിസ്മരണീയമാക്കി. മലയാളികള്‍ ഉള്ളിടത്തോളം കാലം പവനായി എന്ന പ്രൊഫഷണല്‍ കില്ലറെയും മറക്കാനാവില്ലെന്നുറപ്പാണ്.