കളമശേരി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടി.കെ.എസ്. മണി (ക്യാപ്റ്റൻ മണി-77) അന്തരിച്ചു. ഉദരരോഗത്തെത്തുടർന്ന് കഴിഞ്ഞ 17നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണി വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ: മക്കൾ: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍.
1973ൽ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ റെയിൽവേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോൾ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്കോറിൽ നിൽക്കേ മണി നേടിയ അവസാന ഗോളാണു കേരളത്തിനു തുണയായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റൻ മണിയെന്നു സംബോധന ചെയ്തത്.
വിക്ടർ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവൻ, സേവ്യർപയസ് തുടങ്ങിയവർക്കൊപ്പമാണു മണി കിരീട നേട്ടത്തിൽ പങ്കാളിയായത്. ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. മണിയെത്തിയതോടെയാണ് ഫാക്ട് ടീം ഉയർച്ചയുടെ പടവുകൾ കയറിയത്.
തൃശൂർ ചാക്കോളാസ് സ്വർണക്കപ്പ്, ജിവി രാജ ട്രോഫി, കോട്ടയം മാമ്മൻ മാപ്പിള ട്രോഫി, എറണാകുളം നെഹ്റു കപ്പ് എന്നിവ നേടിയത് മണിയുടെ ബലത്തിലാണ്. 1969-70 കാലത്താണ് കേരള ടീമിൽ അംഗമാകുന്നത്. പിന്നീട് അഞ്ചു വർഷക്കാലം കേരള ടീമിനു വേണ്ടി കളിച്ചു. 1977മുതൽ ഫാക്ടിന്റെ പരിശീലകനും ആയിരുന്നു മണി.