എന്റെ ക്യാപ്റ്റനു വിട...ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ മൃതദേഹത്തിന് അന്തിമ സല്യൂട്ട് നല്കുന്ന ആര്‍മി ഉദ്യോഗസ്ഥകൂടിയായ ഭാര്യ ഗോപിചന്ദ്ര. നിര്‍മലിന്റെ അച്ഛന് ശിവരാജന് വലത്തേയറ്റം. -ബ്രില്യന് ചാള്‍സ്.
സ്വന്തം ലേഖകൻ
കൊച്ചി: അവസാന സല്യൂട്ട് നല്കി പ്രിയതമനെ യാത്രയാക്കുമ്പോള്‍ ഗോപിചന്ദ്രയ്ക്ക് വിതുന്പലടക്കാനായില്ല.
ജബല്‍പുരില്‍ ആര്‍മിയില്‍ ലഫ്റ്റനന്റായ (നഴ്സ്) ഗോപിചന്ദ്രയെ കണ്ടു ജോലിസ്ഥലമായ പച്മാര്ഹിലേക്കു മടങ്ങുന്ന വഴിയായിരുന്നു ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാമനെ പ്രളയത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുത്തത്.
ഇന്നലെ മധ്യപ്രദേശില്‍നിന്നു പ്രിയതമന്റെ മൃതദേഹത്തെ സേനാംഗങ്ങള്‍ക്കൊപ്പം ഗോപിചന്ദ്രയും മാതാപിതാക്കളുമാണ് അനുഗമിച്ചത്.
മാമംഗലം കറുകപ്പിള്ളിയിലെ ഭാഗ്യതാരാനഗറിലെ വീട്ടുമുറ്റത്തേക്ക് ആംബുലന്‍സെത്തിയപ്പോള്‍ അതുവരെ പിടിച്ചുനിന്ന ധൈര്യമെല്ലാം ചോര്‍ന്നപോലെ ഗോപിചന്ദ്രയും ബന്ധുക്കളും അലമുറയിട്ടു കരഞ്ഞു.
ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന് ജന്മനാടിന്റെ യാത്രാമൊഴി
കൊച്ചി: മധ്യപ്രദേശില്‍ പ്രളയത്തില്‍ അകപ്പെട്ട് മരിച്ച ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന് വികാര നിര്‍ഭരമായ യാത്രയയപ്പ്. ആര്‍മിയുടെയും പോലീസിന്റെയും ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചരയോടെ പച്ചാളം വൈദ്യുതശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം മൂന്നരയോടെ എറണാകുളം മാമംഗലത്തെ കറുകപ്പള്ളി ഭാഗ്യതാരാ നഗറിലെ വീട്ടിലെത്തിച്ചു.
ആര്‍മിയില്‍ നഴ്സായ ഭാര്യ ഗോപിചന്ദ്രയും മാതാപിതാക്കളും സേനാ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചു. വന്‍ ജനാവലി തന്നെ വീടിനു മുന്നിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നു.
വൈകിട്ട് അഞ്ചു വരെ കറുകപ്പള്ളിയിലെ വീടിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, മേയര്‍ എ. അനില്‍കുമാര്‍, എംഎല്‍എമാരായ അനൂപ് ജേക്കബ്, ടി.ജെ. വിനോദ്, ഉമ തോമസ്, കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോണ്‍ഗ്രസ് നേതാക്കളായ വി.പി. സജീന്ദ്രന്, ദീപ്തി മേരി വര്‍ഗീസ്, ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണന് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും മുഖ്യമന്ത്രിക്കു വേണ്ടിയും റീത്ത് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബെ രാവിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
നിര്‍മലിനൊപ്പം സ്കൂളില്‍ പഠിച്ചവരും നാട്ടുകാരുമടക്കം നീണ്ടനിരതന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ഭാര്യ ഗോപീചന്ദ്രയും അന്തിമ സല്യൂട്ട് നല്കി.
ജബല്‍പുരില്‍ സൈനിക ആശുപത്രിയില്‍ നഴ്സായ ഭാര്യ ഗോപിചന്ദ്രയെ കണ്ട് 15നു രാത്രി പച്മാര്ഹിലുള്ള ആര്‍മി എഡ്യുക്കേഷന്‍ കോര്‍ സെന്ററിലേക്ക് പോകവെയാണ് ക്യാപ്റ്റൻ നിര്‍മൽ അപകടത്തിൽപ്പെട്ടത്.
പിന്നീട് നടത്തിയ തെരച്ചിലില്‍ പച്മാര്ഹില് നിന്ന് ഏകദേശം 80 കിലോമീറ്റര്‍ മാറി വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പുഴയില്‍ 25 അടിയിലധികം വെള്ളമുണ്ടായിരുന്നുവെന്നും പ്രളയ മുന്നറിയിപ്പ് സംബന്ധിച്ച് നിര്‍മലിന് അറിയില്ലായിരുന്നുവെന്നും പറയുന്നു.
കെഎസ്ഇബിയിലെ റിട്ട. സീനിയര്‍ അക്കൗണ്ടന്റ് പെരുമൂഴിക്കല്‍ പി.കെ. ശിവരാജന്റെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥ സുബൈദയുടെയും മകനാണ്.
ഭാര്യ ഗോപിചന്ദ്ര തിരുവനന്തപുരം സ്വദേശിയാണ്. വിവാഹം കഴിഞ്ഞിട്ട് എട്ടു മാസമേ ആയിട്ടുള്ളൂ. സഹോദരി ഐശ്വര്യ തിരുവനന്തപുരം കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ അസിസ്റ്റന്റ് പ്രഫസറാണ്.