കൊച്ചി: അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം നാലിന് ഓമല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണു സംസ്കാരം. ഉച്ചകഴിഞ്ഞു രണ്ടു മുതൽ 2.30 വരെ പത്തനംതിട്ട ഓമല്ലൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം തുടർന്ന് ഓമല്ലൂരിലെ തറവാട്ടു വീട്ടിലെത്തിക്കും. 3.30 നാണ് വീട്ടിൽ സംസ്കാര ശ്രൂശ്രൂഷകൾ ആരംഭിക്കുക. ഓമല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെയും ശുശ്രൂഷകൾക്കുശേഷം മൃതദേഹം സംസ്കരിച്ചു
പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ 6.45നാണ് കൊച്ചി പാടിവട്ടത്തെ സാൻജോസ് ഫ്ളാറ്റിലെത്തിച്ചത്. ഇവിടെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ പ്രാർഥനാ ശുശ്രൂഷ നടത്തി.
തുടർന്ന് എറണാകുളം ടൗണ്‍ഹാളിൽ പൊതുദർശനത്തിനുവയ്ച്ച മൃതദേഹത്തിൽ സിനിമാ, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ, മുൻമന്ത്രി കെ. ബാബു, മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷൻ, എംപിമാരായ ഇന്നസെന്റ്, സുരേഷ് ഗോപി, സംവിധായകരായ ഹരിഹരൻ, കമൽ, സിബി മലയിൽ, വിനയൻ, നടൻമാരായ ലാലു അലക്സ്, മനോജ് കെ. ജയൻ, ജനാർദ്ദനൻ, ടിനി ടോം, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. തുടർന്നു പത്തോടെ മൃതദേഹം ജന്മദേശമായ പത്തനംതിട്ടയിലെ ഓമല്ലൂരിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴരയോടെ കൊച്ചി ആലിൻചുവട്ടിലുള്ള വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്നു കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിൽ മകന്റെ വിവാഹത്തിനായി കൊച്ചിയിൽനിന്നു ന്യൂയോർക്കിലേക്കു പോകവേ വിമാനത്തിൽവച്ച് പക്ഷാഘാതമുണ്ടായി.
ഉടൻ ഒമാനിൽ ഇറക്കി തിരികെ നാട്ടിലെത്തിച്ചു. ഇരുവശവും തളർന്നു സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ രാജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്കു കൊണ്ടുവന്നു. തിങ്കളാഴ്ച രാവിലെ വീണ്ടും പക്ഷാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പ്രമീളയാണു ഭാര്യ. മകൻ: രവി രാജ്. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ, ജോർജി, മോഹൻ, സജി, സോഫി, സുധ. 38 വർഷത്തെ സിനിമാജീവിതത്തിനിടെ മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.