കൊച്ചി: ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തില്‍ വേദന പങ്കിട്ട് മലയാള സിനിമാ ലോകം. രാജുവിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിന് വലിയൊരു നഷ്ടം തന്നെയാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയതെന്നും മമ്മൂട്ടി അനുസ്മരിച്ചു.
എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പ്രിയപ്പെട്ട നടനായിരുന്നു രാജുവേട്ടനെന്ന് മോഹൻലാൽ പറഞ്ഞു. “ലാലൂ…. രാജുച്ചായനാ’…. പ്രിയപ്പെട്ട രാജുവേട്ടന്റെ ഈ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.
ഒരു മനുഷ്യസ്നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്നായിരുന്നു ഇന്നസെന്റ് എംപിയുടെ പ്രതികരണം. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദേഹം. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്റ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം രണ്ട് സിനിമകളും സംവിധാനം ചെയ്തു.