കോഴിക്കോട്: സിനിമാ സ്റ്റൈലിൽ ചീറിപ്പാഞ്ഞ് പോലീസിനെ വട്ടം ചുറ്റിച്ച കാർ കസ്റ്റഡിയിൽ എടുത്തിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ്. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ജീപ്പിന് കേടുപാടുണ്ടായ സംഭവത്തിലാണ് പ്രതികൾ ഇപ്പോഴും കാണാമറയത്ത് നിൽക്കുന്നത്. പ്രതികളെ തെരഞ്ഞ് കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.
വാഹനം കസ്റ്റഡിയിലെടുത്തതിനാൽ ഉടമയെ എളുപ്പത്തിൽ കണ്ടെത്തി പ്രതികളിലേക്കെത്താമെന്നിരിക്കയാണ് പോലീസിന്റെ മെല്ലെപ്പോക്ക്. ഇതിനു പിന്നിൽ ജില്ലയിലെ ഒരു എംഎൽഎയുടെ സമ്മർദ്ദമാണെന്നറിയുന്നു. നഗരത്തോട് ചേർന്നുള്ള മണ്ഡലത്തിലെ ഈ എംഎൽഎയുടെ സ്വന്തക്കാരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ശേഖരിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ജീവനുപോലും ഭീഷണി സൃഷ്ടിച്ച സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാത്തത് സേനയ്ക്കുള്ളിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ഒന്നിലും നാലിനും ഇടയിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
ബീച്ച് മൂന്നാലിങ്ങൽ ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ പരിശോധിക്കാൻ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എ.കെ.ബാബുവും സംഘവും എത്തിയപ്പോൾ പരിശോധനയ്ക്കു സമ്മതിക്കാതെ അതിവേഗം ഓടിച്ചുപോകുകയായിരുന്നു. പോലീസ് ജീപ്പിനെ ഉരസികൊണ്ടായിരുന്നു കാർ കുതിച്ചത്. നഗരത്തിലൂടെ വൺവേ തെറ്റിച്ച് ഓടിയ കാർ ഒടുവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്തുനിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊടുവള്ളി രജിസ്ട്രേഷനിലുള്ള കാർ ടൗണ്‍ സ്റ്റേഷനിലാണ് ഉള്ളത്.