തോമസ് വർഗീസ്
തിരുവനന്തപുരം: ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെ കേരള സ്പോർട്സ് കൗണ്‍സിൽ 50 ലക്ഷത്തോളം രൂപ മുടക്കി രണ്ട് ആഡംബര വാഹനങ്ങൾ കൂടി വാങ്ങി. പ്രസിഡന്റ് , സെക്രട്ടറി എന്നിവർക്കുവേണ്ടിയാണ് ഏറ്റവും പുതിയ മോഡൽ ഇന്നോവ വാഹനങ്ങൾ വാങ്ങിയത്.
ധനകാര്യവകുപ്പിന്റെ അനുമതി തേടിയാൽ ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സ്പോർട്സ് കൗണ്‍സിലിന്റെ ഓണ്‍ ഫണ്ടിൽ നിന്നാണ് ഇതിനായി പണം ഉപയോഗിച്ചിരിക്കുന്നത്. സ്പോർട്സ് കൗണ്‍സിലിന്റെ നീന്തൽക്കുളങ്ങളിൽ നിന്നും ഇൻഡോർ സ്റ്റേഡിയങ്ങളിൽ നിന്നും വാടക ഇനത്തിൽ ലഭിച്ചിരുന്ന ഒരുകോടിയോളം രൂപ കൗണ്‍സിലിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഈ പണം സ്റ്റേഡിയങ്ങളുടെ നവീകരണത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ മറികടന്നാണ് പണം ആഡംബര കാറുകൾ വാങ്ങുന്നതിനായി വകമാറ്റി ചെലവഴിച്ചത്.
നന്ദിയോട് നീന്തൽക്കുളം ഉൾപ്പെടെയുള്ള നവീകരണം നടത്താതെ ഏറെ പ്രതിസന്ധിയ്ക്കു നടുവിൽ നില്‍ക്കുമ്പോഴാണ് ഇതിനായി വിനിയോഗിക്കേണ്ട പണം ആഡംബര കാറിനായി ചെലവാക്കിയത്. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കായി ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറുകൾ പൂർണ ഉപയോഗക്ഷമമാണ്.
സർക്കാർ സ്ഥാപനങ്ങളിൽ വാഹനങ്ങൾ വാങ്ങുമ്പോൾ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ വ്യക്തമായ അനുമതി ഉണ്ടായിരിക്കണം. ഇവയൊന്നുമില്ലാതെയാണ് വാഹനം വാങ്ങിയത്. കൗണ്‍സിൽ ആക്ട് അനുസരിച്ച് സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്ക് മാത്രമാണ് സ്വന്തമായി വാഹനങ്ങൾ വാങ്ങി നല്‍കാനുള്ള അനുമതി. ഇപ്പോൾ രണ്ട് ഇന്നോവ കാറുകൾ വാങ്ങിയതോടെ മുമ്പ് ഇവർ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറുകൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാൻ തുടങ്ങി.
സ്പോർട്സ് കൗണ്‍സിലിനു രണ്ട് ഡ്രൈവർമാർ മാത്രമാണുള്ളത്.
പുതുതായി രണ്ട് കാറുകൾ വാങ്ങിയതോടെ പഴയ കാറുകൾക്ക് ഡ്രൈവർമാർ ഇല്ലാത്ത സ്ഥിതിയുമായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ രണ്ടു പേർക്കു കൂടി വാഹനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ പുതുതായി രണ്ടു വാഹനങ്ങൾകൂടി വാങ്ങിയതെന്നാണ് സൂചന.