ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ എന്ന പദവി സ്വന്തമാക്കി ‘ദി അമേരിക്കൻ ഡ്രീം’. 30.54 മീറ്റർ നീളമാണ് കാറിനുള്ളത്. 1986 ൽ കാലിഫോർണിയയിലെ ബർബാങ്കിൽ കസ്റ്റമൈസർ ആയ ജെയ് ഓർബെർഗ് ആണ് ഈ കാർ ആദ്യം നിർമ്മിച്ചത്.
ഇതിന് 26 ചക്രങ്ങൾ ഉണ്ട്. മുന്നിലും പിന്നിലും സ്ഥാപിച്ചിട്ടുള്ള ഒരു ജോടി വി8 എഞ്ചിനുകളിലാണ് ഇത് പ്രവർത്തിക്കുന്നത്. മുൻ വർഷങ്ങളിൽ, 60 അടിയായിരുന്നു കാറിന്റെ നീളം. ഇപ്പോൾ കാർ 30.5 മീറ്റർ കൂടി നീട്ടിയിരിക്കുകയാണ്.
നീളത്തിൽ മാത്രമല്ല ആഢംബരത്തിലും ഏറെ മുന്നിലാണ് ഈ കാർ. ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡുള്ള ഒരു നീന്തൽക്കുളം, ഒരു ജാക്കൂസി, ഒരു ബാത്ത് ടബ്, ഒരു മിനി ഗോൾഫ് കോഴ്സ്, ഹെലിപാഡ് എന്നിവയും കാറിന്റെ പ്രത്യേകതകളാണ്. ഹെലിപാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീൽ ബ്രാക്കറ്റുകളോടെയാണ്, കൂടാതെ അയ്യായിരം പൗണ്ട് വരെ വഹിക്കാനും ഇതിന് കഴിയും.
റഫ്രിജറേറ്ററുകളും ടെലിഫോണുകളും നിരവധി ടിവി സെറ്റുകളും ഉള്ള ഈ കാറിൽ ഒരേസമയം 75ലധികം പേർക്ക് ഇരിക്കാനാകും.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, ഷിപ്പിംഗ്, സാമഗ്രികൾ, തൊഴിലാളികളുടെ ചെലവ് എന്നിവ ഉൾപ്പടെ കാർ പുതുക്കി പണിയുന്നതിന് 2,50,000 ഡോളറോളം ചെലവ് വന്നിട്ടുണ്ട്.
കാറിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. എന്നാൽ കാർ റോഡിലിറങ്ങില്ല. ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിന്റെ വിശിഷ്ടമായ ക്ലാസിക് കാറുകളുടെ ശേഖരത്തിൽ ആയിരിക്കും അമേരിക്കൻ ഡ്രീമിന്റെ ഇനിയുള്ള സ്ഥാനം.