വടക്കാഞ്ചേരി: ബൈക്കിലെത്തിയ രണ്ടംഗസംഘം കാറിൽ യാത്ര ചെയ്തിരുന്ന ഗർഭിണിയടക്കമുള്ള കുടുംബത്തെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളജിന് സമീപം ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പാലക്കാട് കൊപ്പം രാമനാഥപുരം പാഞ്ചജന്യത്തിൽ വിനോദിനെയും(35) ഭാര്യയും കുട്ടിയമടങ്ങുന്ന കുടുംബത്തേയുമാണ് ആക്രമിച്ച് കവർച്ച നടത്തിയത്.
നോർത്ത പറവൂരിലെ ഭാര്യവീട്ടിൽ നിന്നും പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങും വഴി ഇന്നു പുലർച്ചെ കാർ കേടായതിനെ തുടർന്ന് പാർളിക്കാട് ജംഗ്ഷനിൽ നിർത്തിയിട്ടപ്പോഴായിരുന്നു ആക്രമണം.കാറിന്‍റെ വൈപ്പർ കേടായതിനെ തുടർന്നായിരുന്നു കാർ നിർത്തിയിട്ടത്. നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് സംഘം ഇതുവഴി വരുകയും കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് വിവരം തിരക്കുകയും ചെയ്തു.
കാർ കേടായതിനെ തുടർന്ന്് നിർത്തിയതാണെന്ന് വിനോദ് മറുപടി നൽകുകയും പോലീസ് സംഘം പോവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രണ്ടംഗസംഘം ബൈക്കിലെത്തിയത്. കാർ തള്ളി സ്റ്റാർട്ടാക്കാൻ ഇവർ സഹായിക്കാമെന്ന് പറഞ്ഞ് ഇവർ പെട്ടന്ന് ഇരുന്പുവടിയുമായി എത്തി വിനോദിനെയും കുടുബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് കാറിലിരിക്കുകയായിരുന്ന വിനോദിന്‍റെ ഭാര്യയെ കാറിനു പുറത്തേക്ക് വലിച്ചിഴച്ചിട്ട് മാലയും കമ്മലും മോതിരവും പൊട്ടിച്ചെടുക്കുകയും ചെയ്തു. വിനോദിനെയും കുട്ടിയേയും ഒരാൾ കന്പിപ്പാരയുമായി ഈ സമയം ഭീഷണിപ്പെടുത്തി നിന്നു. പേഴ്സിലുണ്ടായിരുന്ന 2300 രൂപയും ഒരു മൊബൈൽ ഫോണും സംഘം കവർന്നു.
ആകെ 29,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വടക്കാഞ്ചേരി സിഐ സി.എസ്.സിനോജ്, എസഐ കെ.സി.രതീഷ്, എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.