ചൂടിൽ നിന്നും സംരക്ഷിക്കാൻ കാറിൽ മുഴുവൻ ചാണകം തേച്ചു പിടിപ്പിച്ച സെജൽ ഷാ എന്ന യുവതി കുറച്ചു നാളുകൾക്കു മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത ഇവർക്കു പിന്നാലെ തന്റെ എസ്യുവിയിൽ ചാണകം തേച്ചു പൊതിഞ്ഞ് ചർച്ചാ വിഷയമാകുകയാണ് ഒരു ഡോക്ടർ.
മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ മുതിർന്ന ഡോക്ടറായ നവനാദ് ഗുഗ്ഹലാണ് തന്റെ എസ്യുവിയിൽ ചാണകം തേച്ചു പിടിപ്പിച്ചത്. തന്റെ മഹീന്ദ്ര എക്സ്യുവി 500ലാണ് അദ്ദേഹം ചാണകം തേച്ചു പിടിപ്പിച്ചത്.
മണ്‍വീടുകളിൽ ചൂട് കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്ന രീതിയാണ് താൻ തന്റെ കാറിൽ ഉപയോഗിച്ചതെന്നും എസിയുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് കോട്ടമുണ്ടാകാത്ത വിധത്തിൽ വാഹനം തണുപ്പിക്കുവാനാണ് താൻ ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം പറയുന്നു.
മൂന്ന് കോട്ട് ചാണകമാണ് അദ്ദേഹം കാറിൽ തേച്ചത്. ഈ കോട്ടിംഗ് ഒരു മാസം നിൽക്കുമെന്നും കാറിനുള്ളിലെ ചൂട് അഞ്ച് മുതൽ ഏഴ് ഡിഗ്രിവരെ കുറയ്ക്കുവാൻ സാധിക്കുമെന്നുമാണ് നവനാദ് പറയുന്നത്. ചാണകത്തിന്റെ ദുർഗന്ധം കുറച്ചു സമയത്തിനുള്ളിൽ മാറുമെന്നും ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്ന് ഉണ്ടാക്കുന്ന പഠനത്തിലാണ് താനെന്നും ഇതിനിടയിലാണ് ഈ ആശയം രൂപപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെടുന്നു.