ബംഗളൂരു: അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ അറസ്റ്റിൽ. നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള സിൽക്ക് ബോർഡ് ഫ്ളൈ ഓവറിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ എച്ച്എസ്ആർ ലേഒൗട്ട് സ്വദേശി അഫ്റാൻ (16)ആണ് മരിച്ചത്.
സുഹൃത്തുക്കളായ ശ്രീനിവാസ്, അനിരുദ്ധ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പിയുസി വിദ്യാർഥികളായ മൂന്നുപേരും മൂന്നുകാറുകളിലായി മത്സരം നടത്തവേ അഫ്റാൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. അഫ്റാൻ തൽക്ഷണം മരിച്ചു.ശ്രീനിവാസ് ഓടിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ചശേഷം എതിർവശത്തേക്ക് മറിഞ്ഞ് ഒരു ലോറിയിലേക്ക് ഇടിച്ചുകയറി.അനിരുദ്ധിന്റെ കാറും മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. മൂന്നുകാറുകളും പൂർണമായി തകർന്നു. രക്ഷിതാക്കളുടെ കാറുകളാണ് മൂന്നുപേരും ഓടിച്ചിരുന്നത്. ഇന്നോവ, സ്കോഡ, മാരുതി സെഡാൻ എന്നീ വാഹനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്.
രാത്രിയിൽ വീട്ടുകാർ അറിയാതെയാണ് വിദ്യാർഥികൾ കാറുമായി പോയത്.
അപകടമുണ്ടായവേളയിൽ 150 കിലോമീറ്ററിലധികം വേഗത്തിലാണ് കാറുകൾ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കളെ പി്ന്നീട് ജാമ്യത്തിൽവിട്ടയച്ചു.