ചിങ്ങവനം: നിയന്ത്രണംവിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് പാഞ്ഞിറങ്ങി മരങ്ങളിലിടിച്ചു തകർന്നു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.45ന് എംസി റോഡിൽ നാട്ടകത്ത്, മറിയപ്പള്ളി വളവിലാണ് അപകടം.
കോട്ടയത്തേക്കു വരികയായിരുന്ന സ്കോർപ്പിയോ കാറാണ് അപകടത്തിൽപ്പെട്ടത്. പാത്താമുട്ടം കയ്യാലത്ത് ജിത്തു(22) ആണ് കാറോടിച്ചിരുന്നത്. അപകടത്തെ തുടർന്ന് ചിങ്ങവനം പോലീസും കോട്ടയത്തു നിന്നു ഫയർഫോഴ്സും എത്തിയാണ് ജിത്തുവിനെ കാറിൽ നിന്നും പുറത്തെടുത്തത്.
നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴ്ചയിലേക്ക് മരങ്ങളിലിടിച്ച് പാഞ്ഞിറങ്ങി അന്പലക്കാട്ടില്ലം കേശവൻ നന്പൂതിരിയുടെ വീട്ടുമുറ്റത്തെ തെങ്ങിലിടിച്ചു നിൽക്കുകയായിരുന്നു. ഇതു മൂലം വീടിന് നാശനഷ്ടമുണ്ടായില്ല. അപകടത്തെ തുടർന്ന് ജിത്തുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പരിക്കൊന്നും ഏറ്റിട്ടില്ലെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.