കോതമംഗലം: കാർ നിയന്ത്രണം വിട്ട് അൻപത് അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പിതാവും മാതാവും ഡ്രൈവറുമടക്കം മൂന്ന് പേർക്ക് പരിക്ക്. ഇടുക്കി പണിക്കൻകുടി ഞാറക്കുളം ബേബിയുടെ മകൻ ജിജോ (മഞ്ചിഷ് 38) ആണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന പിതാവ് എൻ.പി. ബേബി (58), മാതാവ് ആൻസി (56) ഡ്രൈവർ പണിക്കൻകുടി സ്വദേശി അടക്കാമുണ്ടേൽ ജയൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇടുക്കി റോഡിൽ കരിമണൽ തട്ടേക്കണ്ണിയിൽ ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ശേഷം അമ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ കരിമണൽ പോലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന നാലു പേരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മഞ്ചിഷിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം മാർ ബെസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരിക്കേറ്റ പിതാവ് ബേബി, മാതാവ് ആൻസി, ഡ്രൈവർ ജയൻ എന്നിവരെ പ്രഥമ ശുശ്രുഷയ്ക്ക് ശേഷംആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും മാതാപിതാക്കളെ കൂട്ടി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ബേബി സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്.