തൃശൂർ: വിയ്യൂർ പാലത്തിൽ രാത്രിയിൽ സൈക്കിൾ യാത്രികനായ 15കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ ഇന്നോവ ക്രിസ്റ്റ വാഹന ഉടമ മണലാർക്കാവ് സ്വദേശി മിജോ കീഴടങ്ങി.
ഇടിച്ചിട്ട കെഎൽ എട്ട് ബിഎൽ 1627 എന്ന നന്പറിലുള്ള ഇന്നോവ വാഹനവുമായാണ് ഇന്നലെ പകൽ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വാഹനം കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വാഹന ഉടമയെ വിട്ടയച്ചു.
കഴിഞ്ഞ 15നു രാവിലെ പത്തിനാണു സംഭവം. തൃശൂരിൽ നിന്നു വിയ്യൂരിലേക്കു വരികയായിരുന്ന കാർ വിയ്യൂർ പാലത്തിൽവച്ചു സൈക്കിളിനു പിന്നിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണംവിട്ടു സമീപത്തെ മുന്നറിയിപ്പു ബോർഡും ഹോട്ടലിന്റെ ബോർഡും തകർത്ത ശേഷമാണു വണ്ടി നിന്നത്. സമീപത്ത് ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ല.
സൈക്കിളിൽ ഇടിച്ചതായി ഓർക്കുന്നില്ലെന്നും സൈൻ ബോർഡിൽ ഇടിച്ചതുമാത്രമാണ് ഓർമയുള്ളതെന്നുമാണു മിജോ പോലീസിനോട് പറഞ്ഞത്. പോലീസ് അതത്ര വിശ്വാസത്തിലെടുത്തിട്ടില്ല.
അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു പരിശോധിച്ചു വരികെയാണ്.അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ പിന്നാലെവന്ന വാഹനയാത്രക്കാരാണു വിയ്യൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തിൽ നിന്നു കഴിഞ്ഞ ദിവസം വാർഡിലേക്കു മാറ്റിയ കുട്ടിയെ പരിക്കു ഭേദമായതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു.