പയ്യന്നൂര്‍: അപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. ഇതേതുടര്‍ന്ന് പഴയങ്ങാടി നെരുവമ്പ്രത്തെ മുഹമ്മദ് ജിഷാനെ (32) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നോടെ പെരുമ്പയിലാണ് രണ്ടുകാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഇതേതുടര്‍ന്ന് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആര്‍സിയില്‍ നീല കളറായി രേഖപ്പെടുത്തിയിരുന്ന കാര്‍ ചുവപ്പാക്കി മാറ്റിയതായി കണ്ടെത്തി.
ഇതേതുടര്‍ന്ന് യഥാര്‍ഥ വാഹനയുടമയെ പോലീസ് വിളിച്ച് വരുത്തിയതോടൊപ്പം കാര്‍ പരിശോധനാ വിധേയമാക്കിയപ്പോഴാണ് സ്റ്റിയറിംഗിന് സമീപത്ത് രഹസ്യ അറയുണ്ടാക്കി അതില്‍ വിലകൂടിയ മാരക ലഹരി വസ്തുവായ രണ്ടുഗ്രാം എംഡിഎംഎ ഒളിപ്പിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയത്
.ഇതേതുടര്‍ന്നാണ് മുഹമ്മദ് ജിഷാനെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടയില്‍ ഇയാളെ മുമ്പും പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു.
ലഹരി മരുന്നുകള്‍ക്ക് പുറമേ വില കൂടിയ എംഡിഎംഎ അടക്കം സിന്തറ്റിക് ഡ്രഗ്സുകള്‍ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം കേരളത്തില്‍ കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എക്സൈസ് സ്ക്വാഡും മയകുമരുന്നുകളുമായി പലരേയും പിടികൂടിയ സംഭവങ്ങളുമുണ്ടായിരുന്നു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം കേസുകള്‍ കൂടിയിട്ടുണ്ടെന്നു എക്സൈസ് വകുപ്പും സമ്മതിക്കുന്നു.
പയ്യന്നൂരും പരിസരങ്ങളിലും ലഹരിമാഫിയ പിടിമുറുക്കിയതായുള്ള സൂചനകള്‍ക്കിടയില്‍ മയക്കു മരുന്നുകളുമായി പലരേയും പിടികൂടാനും കഴിഞ്ഞിരുന്നു.എങ്കിലും ഇത്തരം സംഭവങ്ങള്‍ കൂടുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ നല്കുന്ന സൂചന.