തൃശൂർ: ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരം. ഇന്നു പുലർച്ചെ മൂന്നരയോടെ തൃപ്രയാർ തളിക്കുളത്താണ് കാറും ലോറിയും കൂട്ടിയിടിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മകൾ ആർഷ (25), ആർഷയുടെ സഹോദരങ്ങളായ ആദർശ്(26), അക്ഷിമ(20), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി(48), മകൻ അഖിൽ(25), തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്(19), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്നും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എറണാകുളത്തേക്ക് ചരക്കുമായി പോയ ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
തൃപ്രയാർ തളിക്കുളം ഹൈസ്കൂളിന് സമീപം അപ്പത്തരം ഹോട്ടലിനു മുൻവശത്താണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിയവരെ വലപ്പാടുനിന്നും ഫയർ ഫോഴ്സും വാടാനപ്പള്ളി പോലീസും എത്തി ആക്ടസ്, നാസ് കെയർ, 108 എന്നീ അംബുലൻസുകളിലായി തൃശൂർ അശ്വനി ആശുപതിയിൽ പ്രവേശിപ്പിച്ചു.