ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും ഭാര്യ തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു.
കായംകുളം കൊറ്റുകുളങ്ങര ദേശീയ പാതയിൽ ഇന്നു പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. വേണുവിനും കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കുമുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു.
അപകടത്തിൽ സാരമായി പരിക്കേറ്റ വേണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വേണുവിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്.
ആന്തരിക രക്തസ്രാവമുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട്. തെങ്കാശിയില്‍നിന്ന് കൊച്ചിയിലേക്ക് അരിയുമായി പോകുകയായിരുന്ന ലോറി വേണുവും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും.വേണുവിന്റെ ഭാര്യ ശാരദ മുരളീധരൻ, മകന് ശബരി, ഡ്രൈവര്‍ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരഭ് എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്ക്.
ഇവരുടെ കൈയ്ക്കും കാലിനും ഒടിവും ചതവുകളും മുറിവുകളുമുണ്ട്. ഇവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.