ആലുവ: അച്ഛനോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് വീണ കുട്ടിയെ പിന്നാലെയെത്തിയ കാർ ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുട്ടി വെന്റിലേറ്ററിൽ തുടരുന്നു. മാറമ്പിള്ളി സ്വദേശി പ്രേം നിവാസിൽ പ്രജിത്തിന്റെ മകൻ നിഷികാന്ത് (7) നെ യാണ് കാർ ഇടിച്ച് വീഴ്ത്തിയത്.
ഇന്നലെ രാവിലെ 10 നാണ് സംഭവം. കാറിടിച്ച കാര്യം വൈകിയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അപകടം നടന്നപ്പോൾ തന്നെ അടുത്തുള്ള പ്രിസം മെഡിക്കൽസിൽ പ്രവേശിച്ച് പ്രഥമ ചികിത്സക്ക് ശേഷമാണ് രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആലുവയിൽനിന്നും മാറമ്പിള്ളിയിലേക്ക് അച്ഛനോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ കുട്ടമശേരി ആനിക്കാട് കവലക്ക് സമീപമാണ് അപകടം നടന്നത്. കുട്ടിയെ കണ്ണ് ആശുപത്രിയിൽ കാണിച്ച് തിരിച്ച് വരുന്ന വഴിക്കാണ് അപകടം.
ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ആദ്യം കരുതിയത്. ഓട്ടോയില്‍നിന്ന് വീണാല്‍ ഇത്ര ഗുരുതരമായ പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അതിലാണ് പുറകെയെത്തിയ കാറിടിച്ച വിവരം പുറത്ത് വന്നത്. ആലുവ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. കാർ നിർത്താതെ പോയി.