ഇരിട്ടി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി -ബീന ദമ്പതികളുടെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത്. ആനപ്പന്തി അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിൽ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം.
തൃശൂരിൽനിന്നും എൻട്രൻസ് പരീക്ഷ എഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് 100 മീറ്റർ അകലെ ഉണങ്ങിയ റബർ മരം പൊടുന്നനെ വണ്ടിക്ക് മുകളിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണമായത്.
അപ്രതീക്ഷിതമായ മരം വീണതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് ഓടിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം ഏകദേശം 15 അടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കുളത്തിലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി.
ജീപ്പും ജെസിബിയും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് കാർ ഉയർത്തി ഇമ്മാനുവേലിനെ പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവം അറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. കാറിൽ ഇമ്മാനുവേൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ അഞ്ചിന് ഇരിട്ടിയിൽ എത്തിയ ഇമ്മാനുവേൽ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിച്ചു. സഹോദരങ്ങൾ: എലിസബത്ത്, എമിലി. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ ശേഷം അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കും.