കോഴിക്കോട്: കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ സ്കൂട്ടറില്‍ കാറിടിച്ച് കെ. മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു. ഡ്രൈവര്‍ വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍തൊടി അതുല്‍ (24), മകന് ആന്‍വിക് (രണ്ടര) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ അതുലിന്റെ മാതാവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണവേണി, അതുലിന്റെ ഭാര്യ മായ എന്നിവര്‍ക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാര്‍ക്കും പരിക്കേറ്റു.
ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊയിലാണ്ടി ഭാഗത്തുനിന്ന് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് വരികയായിരുന്നു അതുലും കുടുംബവും.
അതുലിന്റെ സഹോദരന്റെ ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവര്‍. നഗരത്തില്‍നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. വടകര സ്വദേശികളായ സൗരവ്, സായന്ത്, അഭിമന്യു, സോനു എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റു.
പാലത്തിനു സമീപമുള്ളവര്‍ വിവരമറിയിച്ചതു പ്രകാരം സിറ്റി കണ്ട്രോള് റൂമില്‍ നിന്നുള്ള ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആന്വിനെ മാവൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. അതുലിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
എലത്തുര്‍ എഎസ്ഐ ടി.ടി. ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തിരിഞ്ഞു കിടക്കുന്ന നിലയിലാണ്.