ന്യൂഡൽഹി: മദ്യപിച്ച പെണ്കുട്ടി അമിതവേഗത്തിൽ ഓടിച്ച വാഹനം മറ്റൊരു കാറിലിടിച്ച് യുവതി മരിച്ചു. മകൾക്കു ഗുരുതരമായി പരിക്കേറ്റു. ഡൽഹിയിലെ പഞ്ചാബി ബാഗിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
ഛത്തർപൂരിൽനിന്നു ആദർശ് നഗറിലെ വീട്ടിലേക്കു മടങ്ങവെയാണ് പൂനം സർദാനയും ഭർത്താവും മകളും സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറിയത്. ഡിവൈഡറിനു മുകളിലൂടെ പാഞ്ഞെത്തിയാണു കാർ പൂനം സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാർ ഓടിച്ചിരുന്ന ശിവാനി മാലിക് എന്ന ഇരുപത്തിരണ്ടുകാരി മദ്യപിച്ച നിലയിലായിരുന്നു. ഡൽഹി സർവകലാശാല വിദ്യാർഥിനിയാണ് ഇവർ.
ഉടൻതന്നെ അപകടത്തിൽപ്പെട്ട പൂനത്തെയും മകളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മകളുടെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അപകടമുണ്ടാക്കിയ ശിവാനി മാലിക്കിനും ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തുക്കൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ശിവാനിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവാനിയുടെ പിതാവ് ഡൽഹി പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹം എട്ടു വർഷം മുന്പ് മരിച്ചു.