ഏറ്റുമാനൂർ: അമിതവേഗത്തിൽ പാഞ്ഞ കാർ മൂന്നു കിലോമീറ്ററിനുള്ളിൽ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിലാണ് അപകടം. കാർ ഡ്രൈവർ കടപ്പൂര് സ്വദേശി അനുപി(31)നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഒൻപതോടെ എം സി റോഡിൽ ഏറ്റുമാനൂരിലാണ് സംഭവം.
അമിത വേഗത്തിൽ എത്തിയ കാർ ആദ്യം പാറോലിക്കൽ ഭാഗത്ത് വച്ച് ഒരു ബൈക്കിന് പിന്നിലിടിച്ചു. പിന്നീട് ഏറ്റുമാനൂർ – എറണാകുളം റോഡിലേക്ക് പാഞ്ഞ കാർ ഏറ്റുമാനൂർ ക്ഷേത്രത്തിന് മുൻപിൽ വച്ച് മറ്റൊരു കാറിന്റെ പിന്നിലിടിച്ചു. തുടർന്ന് ഇവിടെ വച്ച് അമിത വേഗത്തിൽ സിനിമാ സ്റ്റൈലിൽ കാർ പിന്നോട്ടെടുത്ത് വെട്ടിച്ച് വീണ്ടും മുന്നോട്ട് തവളക്കുഴി ഭാഗത്തേക്ക് പോയി.
തവളക്കുഴി ജംഗ്ഷനിൽ കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകരുകയും ടയർ ഉൗരി തെറിച്ച് പോവുകയും ചെയ്തതോടെ മുന്നോട്ട് പോകാനാവാതെ കാർ വഴിയിൽ കിടന്നു. ഇതോടെ ഗതാഗതം തടസപ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങി ഓടി.
ഓടിക്കൂടിയ നാട്ടുകാർ ആണ് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച അനൂപിനെ പിടിച്ചു വച്ചത്. ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും പോലീസ് എത്തി രംഗം ശാന്തമാക്കി. പിടിയിലായ അനൂപ് സ്വകാര്യ ബസ് ഡ്രൈവറാണ്.