കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിൽ മണങ്ങല്ലൂരിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് കാർ കുഴിയിലേക്ക് മറിഞ്ഞു. മുന്പിൽ പോയ ശബരിമല തീർഥാടകരുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം തെറ്റിയ കാർ 11 കെവി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു.
കാറിന്റെ ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. മണങ്ങല്ലൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് വീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ല.
അതിനാൽ വൈദ്യുതി കന്പികളിൽ നിന്നും സ്പാർക്കുകൾ ഉണ്ടായതോടെ അതുവഴി വന്ന വാഹനങ്ങളും യാത്രക്കാരും പരിഭ്രാന്തരായി. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് വൈദ്യുതി ഓഫ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.