കോട്ടയം: മാണിക്കുന്നത്ത് കാറിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ ഏഴേകാലിനായിരുന്നു അപകടം. വേളൂരിൽ നിന്ന് കോട്ടയത്തേക്കു വന്ന കാറിനു മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണത്. ഇതേ തുടർന്ന തിരുവാതുക്കൽ-ഇല്ലിക്കൽ റൂട്ടിൽ വാഹന ഗതാഗതം തടസപ്പെട്ടു.
വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീണതോടെ അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാർക്ക് അടുക്കാൻ പോലും സാധിച്ചില്ല. പെട്ടെന്ന് സമീപത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഉൗരി മാറ്റാൻ ചെന്നവരാണ് മറ്റൊരു വൻദുരന്തത്തിനരികെ എത്തിയത്. ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾക്ക് ഒന്നിനു പോലും കവറില്ല. എല്ലാ ഫ്യൂസും കന്പിയിട്ട് ഘടിപ്പിച്ചിരിക്കുകയാണ്.
അതായത് കന്പി വലിച്ചു മാറ്റിയാലേ വൈദ്യുതി വിഛേദിക്കാനാവു. കന്പിയിൽ തൊട്ടാൽ ഷോക്കടിക്കുകയും ചെയ്യും. ഒടുവിൽ വൈദ്യുതി ഓഫീസിൽ നിന്ന് ആളെത്തിയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്. സാമൂഹ്യ വിരുദ്ധരാണ് ട്രാൻസ്ഫോർമറിലെ ഫ്യൂസ് കവർ നശിപ്പിക്കുന്നതെന്ന് വൈദ്യുതി ബോർഡ് ജീവനക്കാർ പറഞ്ഞു. മൂന്നിടത്ത് ലൈൻ ഓഫാക്കിയതോടെയാണ് മാണിക്കുന്നത്തെ റോഡിൽ പൊട്ടി വീണ ലൈൻ മാറ്റാൻ സാധിച്ചത്.