കോതമംഗലം: ദേശീയ പാതയിൽ നേര്യമംഗലം-അടിമാലി റോഡിലെ അഞ്ചാം മൈലിൽ കൊക്കയിലേക്ക് കരണം മറിഞ്ഞ കാർ മരത്തിൽ തങ്ങിനിന്നു. യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് അപകമുണ്ടായത്.
മൂന്നാറിൽനിന്ന് ആലപ്പുഴക്കു പോകുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള കുടുബമാണ് കാറിലുണ്ടായിരുന്നത്. എതിരെ വന്ന ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നിന്നു തെന്നിമാറി കരണംമറിഞ്ഞ കാർ മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പോലിസും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവർ ഉൾപ്പടെ എല്ലാവർക്കും നിസാര പരിക്കുകകളോടെ രക്ഷപ്പെട്ടു.
അഗാധമായ കൊക്കയിലേക്ക് പതിക്കുമായിരുന്ന കാർ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. റോഡരികിലെ ക്രാഷ് ബാരിയറും തകർത്താണ് ടവേര കാർ മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നനവരെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽക്കി വിട്ടയച്ചു. ദേശീയപാതയോരത്ത് കുറ്റിക്കാട് നിറഞ്ഞുനിൽക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതിനു മുന്പേ കാട് വെട്ടിയില്ലെങ്കിൽ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകും.