മാഹി: പന്തക്കൽ മൂലക്കടവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലേക്ക് കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി.പന്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കുന്ന പൈപ്പുകളിൽ കാർ കയറിയിറങ്ങി. പമ്പിലെ പണം സൂക്ഷിക്കുന്ന മേശയിലും കാറിടിച്ചു.
കാർ ഇടിച്ചെങ്കിൽ പെട്രോൾ പുറത്തേക്കൊഴുകി വൻ ദുരന്തമായിരുന്നു സംഭവിക്കുക. കാർ ഓടിച്ച ഡ്രൈവറും സുഹൃത്തും മദ്യലഹരിയിലായിരുന്നു.
പന്തക്കൽ പോലീസ് സംഭവസ്ഥലത്തെത്തി കാറും ചമ്പാട് കുന്നോത്ത് മുക്ക് സ്വദേശിയായ കാർ ഓടിച്ച യുവാവിനെയും കാറിലുണ്ടായിരുന്ന ധർമടം സ്വദേശിയായ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തു.
പമ്പിന് സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയതാണെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞു.അഞ്ച് പെട്രോൾ പമ്പുകളും 12 മദ്യശാലകളും പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.