മനക്കൊടി: മനക്കൊടി – പുള്ള് റോഡിൽ ശാസ്താംകടവ് ഭാഗത്തേക്ക് തിരിയുന്നിടത്ത് വീണ്ട ും അപകടം, ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പുത്തൻപീടിക സ്വദേശികളായ ഏഴു യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പാടത്തെ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. സമീപത്തെ താറാവ് മുട്ടകച്ചവടക്കാരനായ സണ്ണി എലുവിത്തിങ്കലാണ് രക്ഷകനായാത്.
ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 12.15നായിരുന്നു അപകടം. സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നിരുന്ന സണ്ണി ശബ്ദം കേട്ടാണ് ഉണർന്നത്. തോട്ടിൽ മുങ്ങിക്കിടക്കുന്ന കാർ സണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടു. കാറിൽ നിന്ന് പുറത്ത് കടന്ന ഒരാളാണ് അപകടത്തെക്കുറിച്ച് സണ്ണിയെ ധരിപ്പിച്ചത്. ഈ സമയത്ത് തോട്ടിലെ ചേറിലും ചളിയിലും കാർ താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു. കാറിന്റെ ഡോറുകൾക്ക് സെന്റർ ലോക്കായതിനാൽ കാറിനുള്ളിലെ മറ്റുള്ളവർക്ക് പുറത്ത് കടക്കാനുമായില്ല.
കാറിന്റെ ചില്ലുകൾ തകർത്ത് വെട്ടുകത്തിയും മറ്റും ഉപയോഗിച്ച് ഡോറുകൾ പൊളിച്ചാണ് കാറിൽ കുടുങ്ങിയവരെ പുറത്തേക്കിറക്കിയത്. വൈകീട്ട് തോട്ടിൽ നിന്ന് കാർ, ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്തു.
നിരന്തരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലമാണിത്. മുൻ കാലങ്ങളിൽ ഈ ഭാഗത്ത് ബൈക്കപകടങ്ങളിൽ യുവാക്കൾ മരിച്ചിട്ടുണ്ട്. അപകടങ്ങളൊഴിവാക്കാൻ അധികൃതർ മുൻകരുതൽ നടപടികൾ ഇത് വരെയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.