തൊടുപുഴ: ഇന്നലെ രാത്രി ഏലപ്പാറ -വാഗമണ്‍ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം കാർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
മറ്റൊരാൾക്കായി പോലീസും ഫയർഫോഴ്സും നാട്ടുകാരും ദേശീയ ദുരന്തനിവാരണ സേനയും തിരച്ചിൽ നടത്തുകയാണ്. നല്ലതണ്ണി സ്വദേശികളായ മാർട്ടിൻ ,അനീഷ് എന്നിവരാണ് ഇന്നലെ രാത്രി ഒഴുക്കിൽപെട്ടത്.
ഇന്നലെ വൈകുന്നേരം 6.30 ഓടെ ഉണ്ടായ ഉരുൾപൊട്ടലിലാണ് കാർ ഒഴുക്കിൽപെട്ടത്. രാത്രിയിൽ തന്നെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷം പ്രതികൂല കാലാവസ്ഥ മൂലം ഫയർഫോഴ്സ് പിൻവാങ്ങി. കനത്ത മഴയെ അവഗണിച്ചു നാട്ടുകാർ നടത്തിയ തെരച്ചിലിൽ കാർ കണ്ടെത്തി.
ഒഴുക്കിൽപെട്ട സ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് വാഹനം കണ്ടെത്തിയത്. ഈ ഭാഗം കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിൽ കാറ് കണ്ടതിന്റെ 50 മീറ്റർ മാറി അർധരാത്രിയോടെ മാർട്ടിന്റെ മൃതദേഹവും കണ്ടത്തി. മാർട്ടിന്റെ മൃതദേഹം പീരുമേട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.